വടകര: ഡ്രൈവിങ് ടെസ്റ്റിന് എത്തുന്നവരിൽനിന്ന് അനധികൃത പണപ്പിരിവ്. മോട്ടോർ വാഹന വകുപ്പിന്റെ ചെമ്മരത്തൂർ കാപ്പങ്ങാടിയിലെ ടെസ്റ്റ് ഗ്രൗണ്ടിൽനിന്നാണ് ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവരിൽനിന്ന് പണപ്പിരിവ് നടത്തുന്നത്. ടെസ്റ്റിന് എത്തുന്നവരെ ഗ്രൗണ്ടിന്റ ഒരു വശത്തേക്ക് കൊണ്ടുപോയി 200 രൂപ നിരക്കിലാണ് രസീത് നൽകാതെ നോട്ട് ബുക്കിൽ പേരെഴുതി വാങ്ങിക്കുന്നത്. ഗ്രൗണ്ട് ഫീ എന്ന് പറഞ്ഞാണ് പണം ഈടാക്കുന്നത്.
ടെസ്റ്റ് നടത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് ഗ്രൗണ്ട് ഫീസ് നൽകുന്നതിന് പുറമെയാണ് ടെസ്റ്റിന്റെ പേരിൽ അനധികൃത പണപ്പിരിവ് നടത്തുന്നത്. ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായി ഓൺലൈനിൽ പണം അടച്ചാണ് ടെസ്റ്റിൽ പങ്കെടുക്കാൻ എത്തുന്നത്. ഡ്രൈവിങ് സ്കൂളുകൾക്ക് സർവിസ് ചാർജ് വേറെയും നൽകുന്നുണ്ട്. ഇതിന് പുറമെയാണ് അനധികൃത പിരിവ് നടക്കുന്നത്.
ടെസ്റ്റിന് എത്തിച്ചേരുന്നവരുമായി പലപ്പോഴും പിരിവുമായി ബന്ധപ്പെട്ട് വാക്കുതർക്കങ്ങളും പതിവായിട്ടുണ്ട്. ബുധൻ, ശനി, പൊതു അവധിദിവസങ്ങൾ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റ് നടക്കാറുണ്ട്. ഏകദേശം 60ഓളം പേരുടെ ടെസ്റ്റ് ദിനം പ്രതി ഇവിടെ നടത്താറുമുണ്ട്. ടെസ്റ്റിനെത്തുന്നവർ ഒന്നിലധികം ടെസ്റ്റുകൾക്ക് വിധേയമാവുന്നുണ്ടെങ്കിൽ പണം കൂടുതൽ നൽകണം.
പണം നൽകിയില്ലെങ്കിൽ പരാജയപ്പെടുത്തുമെന്നഭീതിയിൽ പലരും പണം നൽകി തടി തപ്പുകയാണ് പതിവ്. പണപ്പിരിവ് മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെയാണെന്ന് ആരോപണവും ശക്തമാണ്. ലഭിക്കുന്ന പണം വീതം വെച്ചുനൽകുന്നതായും ആക്ഷേപമുണ്ട്.
പണപ്പിരിവ് സംബന്ധിച്ച് വിവരങ്ങൾ ഒന്നും അറിയില്ലെന്നും ടെസ്റ്റ് ഗ്രൗണ്ടിന് സർക്കാർ കൃത്യമായി വാടക വരുന്നുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.