വടകര: മഴ കനത്തതോടെ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ 21 വീടുകൾ തകർന്നു. കാവിലുംപാറ വില്ലേജിൽ അഞ്ച് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. ബഡ്സ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. റോഡുകളിൽ വെള്ളം കയറി വാഹന സർവിസുകളും കുറഞ്ഞു. വടകര-വില്യാപ്പള്ളി റോഡിൽ പുത്തൂരും അറക്കിലാട് വയൽപീടികയിലും എൻ.സി കനാൽ കരകവിഞ്ഞ് അക്ലോത്ത് നടയിലും വെള്ളം കയറി. ഈ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. തിരുവള്ളൂർ പഞ്ചായത്തിലെ ചെമ്മരത്തൂരിൽ വീട് തകർന്നു. പാലോളിക്കണ്ടി ബാലന്റെ വീടാണ് തകർന്നത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം.
വീടിനകത്തുണ്ടായിരുന്ന ബാലൻ പുറത്തേക്കോടി രക്ഷപ്പെട്ടു. കുരിയാടി പോക്കാലൻറവിട സദാനന്ദന്റെ വീട് ഭാഗികമായി തകർന്നു. ഒഞ്ചിയം റെയിൽവേ ഗേറ്റിനു സമീപം കുനിയിൽ ലക്ഷ്മിക്കുട്ടിയമ്മയുടെ വീടിനു മുകളിൽ പ്ലാവ് വീണു മുൻഭാഗം തകർന്നു.ചോറോട് ചേന്ദമംഗലത്ത് കന്യോട്ട് സുമയുടെ വീടിന്റെ മതിൽ റോഡിലേക്ക് തകർന്നുവീണു.
മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ വടകര മാഹി കനാൽ റോഡ് നെടുകെ പിളർന്നു. വള്ള്യാട് അമ്മാരപ്പള്ളിത്താഴ വയലിൽനിന്ന് കനാലിലേക്ക് വെള്ളമൊഴുകാൻവേണ്ടി സ്ഥാപിച്ച വലിയ പൈപ്പിനോട് ചേർന്നാണ് ചാൽ രൂപപ്പെട്ടത്. സമീപത്തായി റോഡിൽ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. ബാക്കിഭാഗം ഇടിയുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
അപകടസ്ഥലം പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി, ജനപ്രതിനിധികളായ കെ.സി. നബീല, ഡി. പ്രജീഷ് തുടങ്ങിയവർ സന്ദർശിച്ചു. മുക്കാളി ദേശീയപാതയിൽ മണ്ണിടിഞ്ഞു. സമീപത്തെ വീടുകൾക്ക് അപകട ഭീഷണിയുണ്ട്. കുന്നുമ്മക്കരയിലെ ടി.എൻ. കുഞ്ഞിസൂപ്പി ഹാജിയുടെ വീട്ടിൽ വെള്ളം കയറി. അറക്കിലാട് വയൽ പീടിക റോഡ് വെള്ളത്തിൽ മുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.