വടകര: കുറ്റ്യാടി ഇറിഗേഷൻ കനാലിന്റെ ശുചീകരണം സ്വകാര്യ കരാറുകാർക്ക്. തൊഴിലുറപ്പ് തൊഴിലാളികളെ ഒഴിവാക്കി. നേരത്തേ മെയിൻ കനാലും കൈക്കനാലുകളും തൊഴിലുറപ്പ് തൊഴിലാളികളുടെ കരുത്തിലായിരുന്നു വൃത്തിയാക്കിയിരുന്നത്. കഴിഞ്ഞതവണ ജനകീയ പങ്കാളിത്തത്തോടെ കിലോമീറ്ററുകൾ കനാൽ ശുചീകരിച്ചിരുന്നു.
ശുചീകരണം കരാർ നൽകിയതോടെ കാടുകയറിയ കനാലിന്റെ ഭാഗങ്ങൾ മെഷീനുകൾകൊണ്ട് വെട്ടിത്തെളിക്കുകയും മണ്ണുമാന്തികൊണ്ട് ശുചീകരിക്കുകയും ചെയ്യുന്ന പ്രവൃത്തിക്ക് തുടക്കമായിട്ടുണ്ട്. കുറ്റ്യാടി കനാലിലൂടെ സാധാരണയായി ഫെബ്രുവരിയോടെ വെള്ളം ഒഴുകിത്തുടങ്ങും. കൈക്കനാലുകളിലേക്ക് വിവിധ ഘട്ടങ്ങളിലായാണ് വെള്ളം തുറന്നുവിടുന്നത്. നേരത്തേ പല ഭാഗങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികളെയാണ് ജോലിക്ക് നിയോഗിച്ചിരുന്നത്. കനാലുകളുടെ അടുത്തുള്ള തൊഴിലാളികളാണ് തൊഴിലിൽ ഏർപ്പെട്ടിരുന്നത്. ഇവരുടെ ഉപജീവനമാർഗം കൂടിയായിരുന്നു കനാൽ ശുചീകരണം.
പെരുവണ്ണാമൂഴിയിൽനിന്ന് തുടങ്ങുന്ന കുറ്റ്യാടി കനാൽ കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്നതാണ്. അതുകൊണ്ടുതന്നെ കനാൽ കടന്നുപോകുന്ന ഓരോ പ്രദേശത്തും തൊഴിൽ സാധ്യതയേറെയാണ്. കഴിഞ്ഞതവണ കനാലിൽ പലയിടത്തും അപകടകരമായ ചോർച്ചയുണ്ടായിരുന്നു.
കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ, 17 കിലോമീറ്ററോളം നീളമുള്ള അഴിയൂർ ബ്രാഞ്ച് കനാലും അനുബന്ധമായ എട്ടോളം ഡിസ്ട്രിബ്യൂട്ടറി കനാലുകളുമാണ് വടകര മണ്ഡലത്തിലൂടെ കടന്നുപോകുന്നത്.
ഇതിൽ അഴിയൂർ പഞ്ചായത്തിൽ വർഷങ്ങൾക്കുമുമ്പ് അക്വയർ ചെയ്ത രണ്ടു കിലോമീറ്റർ ദൂരം ഇപ്പോഴും കനാൽ നിർമാണം പൂർത്തിയായിട്ടില്ല.
പല ഡിസ്ട്രിബ്യൂട്ടറി കനാലുകളും അക്വഡക്ടുകളും ചോർച്ചയും കാലപ്പഴക്കവും മൂലം പ്രവർത്തനരഹിതവും അപകടഭീഷണിയിലുമാണ്. കൃത്യമായി പരിശോധിച്ച് നവീകരിക്കാൻ നടപടികളുണ്ടായിട്ടില്ല.
ശുചീകരണത്തോടൊപ്പം വിദഗ്ധ പരിശോധന ഉൾപ്പെടെ നടത്തി പിഴവുകളുള്ള സ്ഥലങ്ങളിൽ അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.