വടകര: ചോമ്പാൽ ഹാർബറിൽനിന്ന് ഒരു കിലോമീറ്റർ അകലെ കടലിൽ അഞ്ചേക്കറിൽ സ്ഥിതിചെയ്യുന്ന വലിയ കല്ലുപാറയെ ജൈവ വൈവിധ്യ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് വിദഗ്ധസംഘം പരിശോധന നടത്തി. അഴിയൂർ പഞ്ചായത്ത് ഭരണസമിതി സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനക്ക് ജില്ലാതല ടെക്നിക്കൽ ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയത്.
കോഴിക്കോട് സെൻട്രൽ മറൈൻ ഫിഷറിസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുഖ്യ ശാസ്ത്രജ്ഞൻ ഡോ. പി.കെ അശോകൻ, ഫാറൂഖ് കോളജ് ബോട്ടണി വിഭാഗം മേധാവി ഡോ. കിഷോർ കുമാർ, മീഞ്ചന്ത ഗവ. ആർട്സ് കോളജിലെ സുവോളജി അസിസ്റ്റന്റ് പ്രഫസർ അബ്ദുൽ റിയാസ്, ജൈവവൈവിധ്യ ബോർഡ് ജില്ല കോഡിനേറ്റർ കെ.പി. മഞ്ജു, റിസർച്ച് ഫെലോ നിഖിൽ എന്നിവരടങ്ങിയ സംഘമാണ് കടലിലെ കല്ലുപാറയിൽ നേരിട്ട് പരിശോധന നടത്തിയത്. അഴിയൂർ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽഹമീദ്, പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റി കൺവീനർ പി.കെ പ്രകാശൻ, ഒ.ടി ബാബു, പഞ്ചായത്ത് പ്രോജക്റ്റ് അസിസ്റ്റന്റ് കെ.കെ സഫീർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
കല്ലുപാറയിലെ 22 ഇനം സാമ്പിളുകൾ പഠനത്തിനായി ശേഖരിച്ചു. കടലിൽനിന്ന് പൊങ്ങിനിൽക്കുന്ന 150 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പാറക്കല്ലിൽ വിവിധയിനം കടൽ പായലുകൾ ഉണ്ട്. കടൽ ജീവികളുടെ ഒളി താവളവും വിവിധയിനം പക്ഷികളുടെ ഇടത്താവളവും ഭക്ഷണം കഴിക്കാനുള്ള ഇടവുമാണ് പാറക്കൂട്ടം.
സാധാരണ കണ്ടുവരുന്ന ചെങ്കല്ല് പാറക്ക് പകരം ഗ്രാനൈറ്റ് പാറയാണ് അഴിയൂരിലെ കല്ലുപാറ.
അന്യംനിന്ന് പോകുന്ന ധാരാളം സൂക്ഷ്മജീവികളെ പാറയിൽ കണ്ടെത്തി. കൂടാതെ വിവിധയിനം കല്ലുമ്മക്കായി സമൃദ്ധമായി വളരുന്ന പാറക്കൂട്ടം മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗങ്ങളിൽ ഒഴിച്ചുകൂടാനാവാത്തതാണ്. ചോമ്പാൽ ഹാർബറിനെ കടൽ ക്ഷോഭങ്ങളിൽനിന്ന് സംരക്ഷിച്ചു നിർത്തുന്ന കവചമാണ് അഞ്ച് ഏക്കറിൽ പരന്നു കിടക്കുന്ന കല്ലുപാറ.
അഴിയൂർ പഞ്ചായത്തിലെ കടൽതീരം, വലിയപാറ വെള്ളിയാങ്കല്ല് എന്നിവ ചേർത്ത് ടൂറിസം പദ്ധതിക്ക് വലിയ സാധ്യതയുള്ളതാണ്.
ബുധനാഴ്ച രാവിലെ നടന്ന ഫീൽഡ് പരിശോധനക്ക് ശേഷം വിദഗ്ധസംഘം നാട്ടുകാരുമായും കടൽ തൊഴിലാളികളുമായും ആശയ വിനിമയം നടത്തി. പഠന റിപ്പോർട്ട് സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് നൽകുമെന്ന് ജില്ലാ കോഡിനേറ്റർ കെ.പി. മഞ്ജു അറിയിച്ചു. സംഗമം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ കെ. ലീല, പി.കെ പ്രീത, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, പി.കെ പ്രകാശൻ, ടി. ബാബു, സിജോ, അമൽ, അശോകൻ, സുധീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.