വടകര: റവന്യൂ വകുപ്പിന്റെ ഇ-സേവനങ്ങളെ ലോകവ്യാപകമാക്കുമെന്നും കേരളത്തിൽ ഭൂമിയുള്ള മുഴുവനാളുകൾക്കും ലോകത്തിലെ പത്ത് രാജ്യങ്ങളിലിരുന്ന് മൊബൈലിൽനിന്ന് നികുതിയടക്കാനുള്ള സംവിധാനത്തിലേക്ക് റവന്യൂ വകുപ്പ് ഇ-സംവിധാനങ്ങളെ മാറ്റാൻ പോവുകയാണെന്നും റവന്യൂ മന്ത്രി കെ. രാജൻ. വടകര ടൗൺഹാളിൽ സംഘടിപ്പിച്ച വടകര, കൊയിലാണ്ടി താലൂക്കുകളിലെ പട്ടയ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നു വർഷംകൊണ്ട് സർക്കാർ 1,80,887 പട്ടയങ്ങൾ സംസ്ഥാനത്ത് വിതരണം ചെയ്തു.
ജില്ലയിൽ മാത്രം 20,584 പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. കൊയിലാണ്ടി താലൂക്കിലെ ജാനകിവയൽ ഭൂമിയിലെ താമസക്കാർക്ക് അർഹത നോക്കി പട്ടയം നൽകാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഒക്ടോബർ 25 മുതൽ നവംബർ 15 വരെ എല്ലാ ജില്ലകളിലും ജില്ല കലക്ടറുടെ നേതൃത്വത്തിൽ താലൂക്കുതല അദാലത്ത് നടത്തും. അദാലത്തിൽ 25 സെന്റ് വരെയുള്ള സ്ഥലങ്ങളുടെ ഭൂമി തരംമാറ്റത്തിൽ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കാനത്തിൽ ജമീല, ഇ.കെ. വിജയൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ്, വടകര നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു, ആർ. സത്യൻ, സതീശൻ കുരിയാടി, സി.കെ. കരീം, പി.എം. മുസ്തഫ, പ്രദീപ് ചോമ്പാല, പി. സോമശേഖരൻ, ടി.വി. ബാലകൃഷ്ണൻ, ടി.പി. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു. ആർ.ഡി.ഒ സി. ബിജു സ്വാഗതവും ലാൻഡ് ട്രൈബ്യൂണൽ തഹസിൽദാർ വി.കെ. സുധീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.