വടകര: ജില്ലയിൽ പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം (പി.എം.ജെ.വി.കെ) പദ്ധതികളുടെ അവലോകനം നടത്തി. ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർമാണത്തിലിരിക്കുന്നതും പ്രവൃത്തി നടക്കുന്നതുമായ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ തീരുമാനിച്ചു. വടകര ജില്ല ആശുപത്രിയുടെ രണ്ടാംഘട്ട ശിലാസ്ഥാപനം നടത്തുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായതായി യോഗം വിലയിരുത്തി. 83.08 കോടി രൂപ ഭരണാനുമതി ലഭിച്ച പദ്ധതിയിൽ കെട്ടിട നിർമാണം, മെക്കാനിക്കൽ, ഇലക്ട്രിഫിക്കേഷൻ, പബ്ലിക് ഹെൽത്ത് എൻജിനീയറിങ്, ഇൻറീരിയർ-എക്സ്റ്റീരിയർ, ഫർണിഷിങ് തുടങ്ങിയ പ്രവൃത്തികൾ ഉൾപ്പെടും. വടകര ജില്ല ആശുപത്രി പഴയ കെട്ടിടത്തിലെ പൊളിച്ചുമാറ്റാൻ സാധിക്കുന്ന ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
വടകര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സെമിനാർ ഹാളും ലാബും ഉദ്ഘാടനത്തിന് തയാറായിട്ടുണ്ട്. പദ്ധതിക്ക് 19.88 ലക്ഷം രൂപയാണ് ചെലവഴിച്ചത്. വടകര കുടുംബാരോഗ്യ കേന്ദ്രം പുനരുദ്ധാരണ പ്രവൃത്തി (52.47 ലക്ഷം ), വടകര പണി കോട്ടിയിലെ കുടുംബാരോഗ്യകേന്ദ്രം പുനരുദ്ധാരണം (11.92 ലക്ഷം) എന്നീ പദ്ധതികൾ മാർച്ച് 31 ഓടെ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.
സബ് കലക്ടർ ഹർഷിൽ ആർ മീണ, ജില്ല പ്ലാനിങ് ഓഫിസർ ഏലിയാമ്മ നൈനാൻ, ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോജക്ട് മാനേജർ ഡോ. സി.കെ. ഷാജി, സീനിയർ ഫിനാൻസ് ഓഫിസർ കെ.പി. മനോജൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.