വടകര: മാഹി ബൈപാസ് നിർമാണത്തിന്റെ ഭാഗമായി ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമായില്ല. വിഷയം നേരിട്ട് കാണാൻ കെ.കെ. രമ എം.എൽ.എ നേരിട്ടെത്തി. പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ അധികൃതർ തയാറാവണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും അഭ്യർഥനയെ തുടർന്ന് സ്ഥലം സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ബൈപാസ് നിർമാണത്തിന്റെ ഭാഗമായി മാഹി റെയിൽവേ സ്റ്റേഷൻ പി.ഡബ്ല്യൂ.ഡി റോഡിന്റെ പകുതി ഭാഗം അക്വയർ ചെയ്ത് പുതിയ സർവിസ് റോഡ് നിർമിച്ചതിനാൽ ഗതാഗതതടസ്സം ഉണ്ടായിരിക്കുകയാണ്.
നേരത്തെ എട്ട് മീറ്റർ വീതിയുണ്ടായിരുന്ന റോഡ് പുനഃക്രമീകരണത്തിന്റെ ഭാഗമായി നാല് മീറ്റർ പോലുമില്ല. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ വീതി കുറഞ്ഞതിനാൽ പ്രദേശവാസികളും യാത്രക്കാരും ദുരിതം അനുഭവിക്കുന്നു. മാഹി ടൗണിൽ സ്ഥിരമായി ഗതാഗതതടസ്സം ഉണ്ടാവുന്നതിനാൽ ബസുകൾ ഉൾപ്പെടെ വഴിതിരിച്ചുവിട്ടിരുന്നത് ഈ റോഡ് വഴിയായിരുന്നു. ഇപ്പോൾ ഇതിനുപോലും സാധ്യമാകാത്ത സ്ഥിതിയാണ്.
അതിനാൽ നേരത്തെ തീരുമാനിച്ച പ്രകാരം ആവശ്യത്തിന് സ്ഥലം അക്വയർ ചെയ്ത് റോഡ് പഴയപോലെ ഗതാഗതയോഗ്യമാക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ദേശീയപാത അതോറിറ്റി അധികൃതർ, പ്രവൃത്തി നടത്തുന്ന കമ്പനിയുടെ പ്രതിനിധികൾ, പി.ഡബ്ല്യൂ.ഡി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ എം.എൽ.എയോടൊപ്പം സ്ഥലം സന്ദർശിച്ചു. ജനങ്ങൾക്ക് പ്രയാസമില്ലാത്തവിധം പ്രശ്‌നപരിഹാരത്തിനുള്ള സത്വരനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി എം.എൽ.എ പറഞ്ഞു.
അശാസ്ത്രീയ ഓവുചാൽ നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ കിഴക്കുവശത്തെ വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയുണ്ട്. കഴിഞ്ഞ ദിവസം പല വീടുകളും വെള്ളത്തിലായി. ഈ വീടുകളും പ്രദേശങ്ങളും എം.എൽ.എ സന്ദർശിച്ചു. ഡ്രെയ്നേജ് നിർമാണത്തിനും സർവിസ് റോഡ് നിർമാണത്തിനും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ല കലക്ടറുമായി ചർച്ച ചെയ്യുമെന്നും എം.എൽ.എ പറഞ്ഞു. അഴിയൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അനീഷ ആനന്ദസദനം, വാർഡ് മെംബർ ഫിറോസ് കാളണ്ടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.