വടകര: വികസന കുതിപ്പിലേക്ക് നഗരങ്ങൾക്കൊപ്പം ഗ്രാമപ്രദേശങ്ങളും മാറുകയാണ്. മാഹി ബൈപാസ് രാജപാതയായി. ഒപ്പം പഴയ അയൽപക്ക ബന്ധങ്ങളും ഇല്ലാതായി. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ല അതിർത്തിയായ അഴിയൂർവരെ 18.6 കിലോമീറ്റർ ദൂരത്തിലാണ് ബൈപാസ് നിർമാണം.
ദേശീയപാതയിൽ കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ല അതിർത്തിയായ അഴിയൂർവരെയാണ് ബൈപാസ്. കൂറ്റൻ മതിലുകളാൽ ദേശീയപാത കെട്ടിപ്പൊക്കിയതോടെ ഉറക്കം തെളിഞ്ഞ് എന്നും രാവിലെ കണ്ടിരുന്നവരുടെ മുഖങ്ങൾ കാണാതായതിന്റെ സങ്കടങ്ങൾ പലരും പങ്കുവെക്കുകയാണ്.
എന്നും ഒരുമിച്ച് പോയിരുന്നവരെ കാണാതായി. തിരക്കുകൾക്കിടയിൽ വല്ലപ്പോഴും ഫോണിൽ ബന്ധപ്പെട്ടാലായി. പാത നിർമാണം തുടങ്ങിയപ്പോൾതന്നെ ബന്ധങ്ങൾ അറ്റുതുടങ്ങിയിരുന്നു. പുതിയ തലമുറയിലേക്ക് വരുന്നതോടെ പൂർണമായി ബന്ധങ്ങൾ ഇല്ലാതാവും. യാത്രാക്ലേശത്തിന് പുതിയ പാതകൾ വേണം എന്നാൽ, സഞ്ചാര സ്വാതന്ത്രമില്ലാതാക്കരുത്.
ദേശീയപാത നിർമാണ സമയത്ത് ഇത്രയും ദുരിതങ്ങൾ സമ്മാനിക്കുമെന്ന് അറിഞ്ഞിരുന്നില്ല. ദേശീയ പാതയോരത്തെ ബാലന്റെ വാക്കുകളാണിത്. മാഹി ജനറൽ ആശുപത്രിയെയാണ് സാധാരണക്കാർ പ്രധാനമായും ആശ്രയിക്കാറുള്ളത്. മാഹി ബൈപാസിന്റ ഇരുവശത്തുമുള്ളവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളും വേദനകളും തിരിച്ചറിഞ്ഞ് നിർമാണം പുരോഗമിക്കുന്ന അഴിയൂർ റീച്ചിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തി സഞ്ചാര സ്വാതന്ത്രം ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമാണ്.
ഈ ഭാഗങ്ങളിലെ നിലവിലെ പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ജനപ്രതിനിധികളും ജനങ്ങളും ഉയർത്തുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാതെ ദേശീയപാത അതോറിറ്റി മുഖം തിരിഞ്ഞ് നിൽക്കുകയാണ്. ആവശ്യമായ അടിപ്പാതകൾ അനുവദിച്ചാൽ ആശ്വാസമാവുമെങ്കിലും അധികൃതർ തയാറാവുന്നില്ല.
ദേശീയപാത നിർമാണം പൂർത്തിയാവുന്നതോടെ പലരുടെയും വീടുകൾ വെള്ളക്കെട്ടിലാവും. ശാസ്ത്രീയമായ ഡ്രെയ്നേജ് സംവിധാനത്തിന്റെ അപര്യാപ്തത പലയിടത്തും പ്രകടമാണ്.
മാഹി ബൈപാസ് പൂർണമായും ഒരുങ്ങിക്കഴിഞ്ഞു. അഞ്ചരക്കണ്ടിപ്പുഴക്ക് കുറുകെ മുഴപ്പിലങ്ങാടിനെ ചിറക്കുനിയുമായി ബന്ധിപ്പിക്കുന്ന 420 മീറ്റർ നീളമുള്ള പാലം, എരഞ്ഞോളിപ്പുഴക്ക് കുറുകെയുള്ള പാലം, കവിയൂർമുതൽ മാഹിവരെയുള്ള 870 മീറ്റർ പാലം എന്നിവ പാതയുടെ ഭാഗമായി നിർമിച്ചു. വടകര-കണ്ണൂർ പാതയിൽ ഗതാഗതക്കുരുക്ക് ഏറ്റവും രൂക്ഷമായ രണ്ടു പട്ടണങ്ങൾ മാഹിയും തലശ്ശേരിയുമാണ്.
ദൂരം കുറവാണെങ്കിലും അഴിയൂരിൽനിന്ന് മാഹിയും തലശ്ശേരിയും പിന്നിട്ട് മുഴപ്പിലങ്ങാട് എത്തണമെങ്കിൽ ചുരുങ്ങിയത് 40 മിനിറ്റെങ്കിലും എടുക്കും. ഇത് എത്രയും നീളാം. പാത യാഥാർഥ്യമാവുന്നതോടെ യാത്ര 20 മിനിറ്റായി കുറയും. ഇതോടെ കണ്ണൂർ യാത്ര സുഗമമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.