വടകര: ദേശീയപാത അടക്കാതെരുവ് ജങ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് ദിശതെറ്റി പ്രവർത്തിക്കുന്നത് അപകടക്കുരുക്കാവുന്നു. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ സിഗ്നലുകൾ മാറുന്നത് പലവിധത്തിലായതിനാൽ ഇവിടെ തലനാരിഴക്കാണ് അപകടങ്ങൾ ഒഴിവാകുന്നത്. ചിലസമയങ്ങളിൽ നേരാംവണ്ണം പ്രവർത്തിക്കുമ്പോൾ മറ്റുചില സമയത്ത് പലവിധത്തിൽ ലൈറ്റുകൾ തെളിയുകയാണ് പതിവ്. രാത്രികാലങ്ങളിൽ സിഗ്നലുകൾ കണ്ണടക്കുന്നതും നിത്യസംഭവമാണ്. ഈ ഭാഗങ്ങളിലെ തെരുവുവിളക്കുകൾ കത്താതായിട്ട് കാലങ്ങൾ കഴിഞ്ഞിട്ടും മാറ്റിസ്ഥാപിക്കാൻ നടപടി ഉണ്ടായിട്ടില്ല. അടക്കാതെരുവ് വടകര പഴയ സ്റ്റാൻഡ് ഭാഗത്തേക്ക് വാഹനങ്ങൾ കയറുമ്പോഴാണ്
അപകടസാധ്യത ഏറെയുള്ളത്. ഇതോടൊപ്പം ദേശീയപാതയിൽ കൈനാട്ടിയിലെ സ്ഥിതിയും വിഭിന്നമല്ല. കൈനാട്ടി റെയിൽവേ ഓവർ ബ്രിഡ്ജിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള സിഗ്നലുകളാണ് ഇടക്ക് പലവിധത്തിൽ കത്തുന്നത്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ അധികൃതർക്ക് നൽകിയെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിെൻറ ഫോൺ ഇൻ പരിപാടിയിൽ പൊതുപ്രവർത്തകനായ മുനീർ സേവന പരാതി ഉന്നയിക്കുകയുണ്ടായി.
മന്ത്രിയുടെ വകുപ്പിന് കീഴിലല്ലെന്നും പരാതി ഗൗരവമുള്ളതിനാൽ ബന്ധപെട്ട വകുപ്പിെൻറ ശ്രദ്ധയിൽപെടുത്താമെന്ന് ഉറപ്പുനൽകുകയുണ്ടായി. പ്രശ്നം പരിഹരിക്കുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ. വടകര ട്രാഫിക് എസ്.ഐക്ക് രണ്ടാം വാർഡ് കൗൺസിലർ കെ.കെ. ഫാഷിദയുടെ നേതൃത്വത്തിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.