വടകര: വില്യാപ്പള്ളി കനറാബാങ്കിൽനിന്ന് പണയ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ ഒളിവിൽ പോയ അപ്രൈസർ രണ്ടു വർഷത്തിന് ശേഷം അറസ്റ്റിലായി. വില്യാപ്പള്ളി മയ്യന്നൂർ സ്വദേശി കല്ലുപറമ്പത്ത് ശ്രീജിത്ത് (47) ആണ് 2019ൽ ബാങ്കിൽ അപ്രൈസറായി ജോലിചെയ്യവെ പണയംവെച്ച 52 പവൻ മോഷ്ടിച്ച സംഭവത്തിൽ അറസ്റ്റിലായത്. സ്വർണാഭരണത്തിനുപകരം ഇതേ തൂക്കത്തിൽ മുക്കുപണ്ടം വെച്ചാണ് തട്ടിപ്പ് നടത്തിയത്. സ്വർണാഭരണം പണയംവെച്ചവർ തിരികെയെടുക്കാൻ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.
ബാങ്കിൽനിന്ന് കവർന്ന സ്വർണാഭരണങ്ങൾ വടകര കോഓപറേറ്റിവ് റൂറൽ ബാങ്കിെൻറ ശാഖകളിലും വില്യാപ്പള്ളി പഞ്ചായത്ത് സർവിസ് സഹകരണ ബാങ്കിലും പണയം വെച്ചതായി പൊലീസ് പറഞ്ഞു. അടുത്ത ദിവസം തന്നെ ഈ സ്വർണാഭരണങ്ങൾ തിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കും. രണ്ടു വർഷത്തിലധികമായി പ്രതി തിരുപ്പതിയിലും മറ്റുമായി ഒളിവിൽ കഴിയുകയാണ്.
കഴിഞ്ഞ ദിവസം പ്രതി നാട്ടിൽ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച രാവിലെ വടകര എടോടിയിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വടകര സി.ഐ കെ.കെ. ബിജു, എസ്.ഐ.എം നിജീഷ്, സി.പി.ഒ പി. പ്രദീപ്കുമാർ, വി. ജിത്തു, പി.ടി. സജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.