വടകര: മൂരാട് പാലത്തിൽ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന മണ്ണുമാന്തി യന്ത്രം കാറിന് മുകളിൽ തട്ടി അപകടം; ദേശീയപാത സ്തംഭിച്ചു. ശനിയാഴ്ച പുലർച്ച 5.30 ഓടെയാണ് സംഭവം.
ട്രെയിലർ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന രണ്ട് മണ്ണുമാന്തി യന്ത്രങ്ങളിൽ ഒന്ന് തെന്നിമാറി കാറിൽ പതിച്ചാണ് അപകടമുണ്ടായത്. പാലത്തിന്റെ കൈവരിയിൽ തട്ടിയ ലോറിയിലെ മണ്ണുമാന്തിയുടെ പിൻഭാഗം കാറിന്റെ മുൻഭാഗത്തെ ഗ്ലാസിൽ തട്ടി ഉള്ളിലേക്ക് ഇറങ്ങിയ നിലയിലായിരുന്നു. കാർ യാത്രക്കാരൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടം പാലത്തിന് നടുവിലായതുകൊണ്ട് ദേശീയ പാതയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഇരുഭാഗത്തേക്കും കിലോ മീറ്ററുകൾ വാഹനങ്ങളുടെ നിര രൂപപ്പെട്ടു. മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചതോടെ വാഹനങ്ങൾ വടകര-മണിയൂർ, പേരാമ്പ്ര റൂട്ടുകളിലേക്ക് തിരിച്ചുവിട്ടു.
വാഹനങ്ങൾ വഴിതിരിച്ച് വിട്ടതോടെ ചെറിയ റോഡുകളും ഗതാഗതക്കുരുക്കിലമർന്നു. രോഗികളുമായി വന്ന ആംബുലൻസ് ഉൾപ്പെടെയുള്ളവ റോഡിൽ കുടുങ്ങി. ദീർഘ ദൂര യാത്രക്കാരടക്കമുള്ളവരെയും ബാധിച്ചു. ക്രെയിനിന്റെ സഹായത്തോടെ രാവിലെ എട്ടരയോടെ ലോറിയും കാറും പാലത്തിൽനിന്ന് നീക്കിയെങ്കിലും ഉച്ചയോടെയാണ് ഗതാഗതം പൂർവ സ്ഥിതിയിലായത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.