വടകര: ദേശീയപാതയിൽ നിർമാണത്തിലിരിക്കുന്ന പുതിയ പാലത്തിന്റെ തൂണുകൾക്ക് ചരിവെന്ന് ആക്ഷേപം. ശക്തമായ അടിയൊഴുക്കിൽ പാലത്തിന്റെ തൂണുകൾ ഒരു വശത്തേക്ക് ചരിയുകയായിരുന്നു. സംഭവം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ മൂടിവെക്കാൻ ശ്രമിച്ചെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
ചരിഞ്ഞ തൂണുകൾക്ക് അടുത്തേക്ക് നിർമാണ കമ്പനിയുടെ ജീവനക്കാർ ആരെയും കടത്തിവിട്ടിട്ടില്ല. കമ്പനിയുടെ തൊഴിലാളികൾ ടാർപായകൊണ്ട് തൂണുകൾ മൂടുകയുണ്ടായി. കൂടാതെ, ഇരുമ്പുകമ്പി വെൽഡ് ചെയ്ത് തൂണുകൾ ഉറപ്പിച്ചുനിർത്തിയിട്ടുണ്ട്. പാലത്തിന് ഒമ്പതു തൂണുകളാണുള്ളത്. രണ്ടു തൂണുകൾക്കാണ് ചരിവ്. 15 മീറ്റർ താഴ്ചയിലാണ് പൈലിങ് നടത്തിയതെന്നും പാറയിൽ എത്തിയാൽ 1.5 മീറ്റർ താഴ്ചയാണ് വേണ്ടതെന്നും തൂണിൽ കോൺക്രീറ്റ് ബീമുകൾ ഘടിപ്പിച്ചാൽ മാത്രമേ ഉറപ്പ് ലഭിക്കുകയുള്ളൂവെന്നുമാണ് കമ്പനി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ നാട്ടുകാരുടെ പരാതിയിൽ പ്രോജക്ട് ഡയറക്ടറിൽനിന്നും പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിൽ നിന്നും വിശദീകരണം ചോദിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കലക്ടറെ നിർമാണ പ്രവൃത്തി വിലയിരുത്താൻ ചുമതലപ്പെടുത്തി. പാലത്തിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് ഗുരുതര വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.