വടകര: നഗരത്തിൽ വ്യാപാരിയെ കടക്കകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കടയിലെത്തിയ യുവാവിനെ കുറിച്ച് . പുതിയാപ്പ് സ്വദേശി വലിയ പറമ്പത്ത് ഗൃഹലക്ഷ്മിയിൽ രാജൻ (62)നെയാണ് വടകര മാർക്കറ്റ് റോഡിലെ വിനായക ട്രേഡേഴ്സിൽ ശനിയാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണംകൊലപാതകമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കാണാതായ ഇദ്ദേഹത്തിന്റ ബൈക്കിന് പിന്നിലെത്തിയ യുവാവിന്റ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്തിയാൽ കൊലപാതകത്തിന്റ ചുരുളഴിക്കാൻ കഴിയുമെന്നാണ് പൊലീസിന്റ പ്രതീക്ഷ.
അന്വേഷണം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച വടകര ഡിവൈ.എസ്.പി ആർ. ഹരിപ്രസാദിന്റ നേതൃത്വത്തിൽ നിരവധി പേരെ ചോദ്യം ചെയ്തു. അഞ്ചുപേരെയാണ് പ്രധാനമായും ചോദ്യം ചെയ്തത്. ഒരാളെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരുകയാണ്. ടൗണിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്.
ഇതര സംസ്ഥാനക്കാരടക്കം പൊലീസിെന്റ നിരീക്ഷണത്തിലാണ്. മൊെബെൽ ഫോൺ സന്ദേശങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ജില്ല പൊലീസ് മേധാവി കറുപ്പ സ്വാമിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. കൊലപാതകം വ്യാപാരി സമൂഹത്തിൽ ഏറെ അസ്വസ്ഥതക്ക് ഇടയാക്കിയിട്ടുണ്ട്.
വ്യാപാരിയുടെ സ്വർണവും കടയിലെ പണമടക്കം മോഷണം പോയിട്ടുണ്ട്. കച്ചവടം ചെയ്ത് ലഭിച്ച പണമടക്കം കവരുകയും കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്തത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
വടകര: ടൗണിന്റെ ഹൃദയഭാഗത്ത് നടന്ന നിഷ്ഠുര കൊലപാതകത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും വ്യാപാര സമൂഹത്തിന്റെയും കുടുംബത്തിന്റെയും ആശങ്കയകറ്റാനും നിർഭയത്തോടെ രാവും പകലും കച്ചവടം ചെയ്യാനുമുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ എത്രയും പെട്ടെന്ന് കൊലപാതകിയെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് ദുരൂഹത അകറ്റണമെന്ന് വ്യാപാരി വ്യവസായി എകോപന സമിതി വടകര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
നഗരത്തിലെ തെരുവു വിളക്കുകൾ കാര്യക്ഷമമായി പ്രവർത്തിക്കാത്തതും നഗരത്തിൽ സി.സി.ടി.വികൾ സ്ഥാപിക്കാത്തതും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കും. നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് എ.കെ. ജലീൽ, ജനറൽ സെക്രട്ടറി ഹരീഷ് ജയരാജ്, ട്രഷറർ രാമചന്ദ്രൻ മുക്കാളി, യൂത്ത് വിങ് ജില്ല ട്രഷറർ പി. അമൽ, യൂത്ത് വിങ് ജില്ല സെക്രട്ടറി റിയാസ് ഓർക്കാട്ടേരി തുടങ്ങിയവർ സംസാരിച്ചു.
വടകരയെ നടുക്കിയ കൊലപാതകക്കേസിലെ പ്രതികളെ ഉടൻ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും മദ്യ-മയക്കുമരുന്ന് മാഫിയയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സി.പി.എം പുതിയാപ്പ് ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി ആവശ്യപെട്ടു.
കൊലപാതകംവ്യാപാരി സമൂഹം ഉൾപ്പെടെയുള്ളവരെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. നിജസ്ഥിതിയറിയാനും ആശങ്കയൊഴിവാക്കാനും അന്വേഷണം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് സംസ്ഥാന വ്യാപാരി വ്യവസായി സമിതി വടകര യൂനിറ്റ് ആവശ്യപ്പെട്ടു. സെക്രട്ടറി കെ.എൻ. വിനോദ്, മുഹമ്മദ് ഹാജി, ശശി പഴങ്കാവ്, കെ.ടി.കെ. അജീഷ് ബാബു എന്നിവർ സംസാരിച്ചു.
വ്യാപാരി രാജന്റെ കൊലപാതകത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വടകര മാർക്കറ്റ് റോഡിൽ വളരെക്കാലമായി കച്ചവടം ചെയ്യുന്ന രാജനെ അതിദാരുണമായാണ് കൊല ചെയ്തത്. മോഷണ ശ്രമത്തിനിടയിലാണ് കൊല ചെയ്യപ്പെട്ടതെന്ന് ജനങ്ങൾ സംശയിക്കുകയാണ്.
വടകര നഗരത്തിലുംപരിസരങ്ങളിലും തുടർച്ചയായി മോഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിയാത്തത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണെന്ന് പ്രസ്താവനയിൽ പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരള കോൺഗ്രസ് ജേക്കബ് ജില്ല ജനറൽ സെക്രട്ടറി പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.
വടകര: നഗരത്തിലെ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കണ്ടെത്താൻ പത്തംഗ പ്രത്യേക അന്വേഷണ സംഘം. വടകര ഡിവൈ. എസ്. പി ആർ. ഹരിപ്രസാദിന്റെ മേൽനോട്ടത്തിൽ സി.ഐ പി.എം. മനോജാണ് അന്വേഷണ സംഘത്തിന്റെ തലവൻ.
എസ്.ഐമാരായ സജീഷ്, ബാബുരാജ്, പ്രകാശൻ, മനോജ്കുമാർ, എ.എസ്.ഐ മാരായ കെ.പി രാജീവൻ, യൂസഫ്, സീനിയർ സി.പി.ഒ മാരായ വി.വി. ഷാജി, സജീവൻ, സൂരജ് എന്നിവരാണ് ടീമിലുള്ളത്. അതിനിടയിൽ മരിച്ച രാജന്റെ പാഷൻ പ്ലസ് ബൈക്ക് കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. വാഹനം കിട്ടിയാൽ തന്നെ പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്താനാകും. വാഹനം ജില്ല അതിർത്തി വിട്ടു പോയിട്ടില്ലെന്നാണ് പൊലീസ് നിഗമനം.
വടകര: നഗരഹൃദയത്തിൽ വ്യാപാരിയെ കടക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ നടുക്കി. ശനിയാഴ്ച രാത്രി 11നാണ് പഴയ സ്റ്റാൻഡിനോട് ചേർന്ന മാർക്കറ്റിലെ ഇ.എ ട്രേഡേഴ്സ് കടയിയിൽ വ്യാപാരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പുതിയാപ്പ് സ്വദേശി വലിയപറമ്പത്ത് ഗൃഹലക്ഷ്മിയിൽ രാജനെയാണ് മരിച്ചനിലയിൽ കണ്ടത്.
രാത്രി വൈകിയും ഇയാൾ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ കടയിൽ നടത്തിയ പരിശോധനയിലാണ് കട പാതിതുറന്ന നിലയിൽ രാജനെ കടക്കകത്ത് പലചരക്ക് സാധനങ്ങൾക്കു മുകളിൽ മരിച്ചനിലയിൽ കണ്ടത്. ഇയാളുടെ കഴുത്തിൽനിന്ന് സ്വർണ ചെയിനും മോതിരവും നഷ്ടപ്പെട്ടിരുന്നു.
കടക്കകത്ത് ബലപ്രയോഗം നടന്ന ലക്ഷണങ്ങൾ ഉണ്ടായിരുന്നു. മൃതദേഹത്തിന്റ നെറ്റിയിലും മൂക്കിലും കഴുത്തിലും ഇടത് കൈ വിരലിലും മുറിവേറ്റ പാടുകളുണ്ട്. കടയിലെ ഫാനും കസേരയും മറിഞ്ഞുവീണ നിലയിലായിരുന്നു. ഉപയോഗിച്ച് ബാക്കിയായ മദ്യക്കുപ്പിയും കടയിൽനിന്ന് പൊലീസ് കണ്ടെത്തി. ടൗണിന്റെ ഹൃദയഭാഗത്തെ കടയാണെങ്കിലും ഈ ഭാഗത്ത് രാത്രിയിൽ ആൾപെരുമാറ്റം പൊതുവെ കുറവാണ്.
തെരുവുവിളക്ക് കത്താത്തതിനാൽ ഇവിടം ഇരുൾമൂടിയ നിലയിലായതിനാൽ സാമൂഹികവിരുദ്ധർ തമ്പടിക്കുന്ന സ്ഥിതിയുമുണ്ട്. ഡിവൈ.എസ്.പി ആർ. ഹരിപ്രസാദ്, സി.ഐ പി.എം. മനോജ്, വിരലടയാള വിദഗ്ധർ, ഫോറൻസിക് ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.