വടകര: ദേശീയപാത വികസനപ്രവൃത്തി താളം തെറ്റി പലയിടത്തും നിർമാണം നിലച്ചു. ദേശീയപാത 66ൽ അഴിയൂർ -വെങ്ങളം റീച്ചിൽ 40.8 കിലോമീറ്റർ ദൂരമുള്ളതിൽ ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ് പണി നടക്കുന്നത്. അഴിയൂർ റീച്ചിൽ പെരുവാട്ടുംതാഴെ, കൈനാട്ടി മേൽപാലങ്ങളുടെ പണിയും മറ്റുചില ചെറു പ്രവൃത്തികളുമാണ് നടക്കുന്നത്. കാലവർഷമാണ് പ്രവൃത്തിയെ ബാധിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ, കാലവർഷത്തിലും നടത്താവുന്ന പ്രവൃത്തികൾ പോലും നടക്കുന്നില്ല. ദേശീയപാത വികസനത്തിന്റെ ഭാഗമായി 1838 കോടി രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നത്. അദാനി എന്റർപ്രൈസസ് ലിമിറ്റഡ് കരാറെടുത്ത് അദാനി വാഗഡ് കമ്പനിക്ക് മറിച്ചുനൽകുകയായിരുന്നു. 2021ൽ ഒപ്പിട്ട കരാർ പ്രകാരം രണ്ടര വർഷമാണ് കരാർ കലാവധി.
എന്നാൽ, കരാർ കാലാവധിക്ക് രണ്ടു മാസം മാത്രമേ ബാക്കിയുള്ളൂവെങ്കിലും കാലാവധി ഇനിയും നീട്ടി ലഭിക്കും. ഓവുചാലുകളുടെ പ്രവൃത്തി പലയിടത്തും പാതി വഴിയിലാണ്. അതുകൊണ്ടുതന്നെ മഴയിൽ ദുരിതത്തിലാവുന്നത് പാതയോരത്തെ താമസക്കാരാണ്. കരാർ കമ്പനി വീണ്ടും ഉപകരാർ നൽകിയതിനാൽ ഓവുചാലുകളുടെ പ്രവൃത്തിക്ക് ഗുണനിലവാരം പോരെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. സർവിസ് റോഡുകൾ പൂർത്തിയാവാത്തതും റോഡ് ഉഴുതുമറിച്ചതും പല ഭാഗങ്ങളിലും യാത്രാക്ലേശം രൂക്ഷമാക്കിയിട്ടുണ്ട്.
ദേശീയപാതയുടെ നിലവിലെ പ്രവൃത്തിക്കു പിന്നാലെ വടകര നഗരത്തിലെ ഉയരപ്പാതയുടെ നിർമാണവും പുതുതായി നടക്കേണ്ടതുണ്ട്. ദേശീയപാത നിർമാണത്തിന് ആവശ്യമായ മണ്ണിന്റെ ലഭ്യതക്കുറവ് കമ്പനിയെ കുഴക്കുന്നുണ്ട്.
29 ലക്ഷം മെട്രിക് ടൺ മണ്ണ് നിർമാണപ്രവൃത്തിക്ക് ആവശ്യമാണ്. പാലോളിപ്പാലം മുതൽ മൂരാട് വരെയുള്ള 2.1 കിലോമീറ്റർ റോഡും മൂരാട്, പാലോളിപ്പാലം എന്നിവിടങ്ങളിലെ പാലങ്ങളുടെ നിർമാണവും പ്രത്യേക ടെൻഡറായി നൽകിയതിനാൽ ഇ-ഫൈവ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് നടത്തുന്നത്. ഈ ഭാഗങ്ങളിൽ ഏതാണ്ട് പ്രവൃത്തി അന്തിമഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.