വടകര : മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃക തീർത്ത പൊലീസ് ഉദ്യോഗസ്ഥന് പുരസ്കാരം. വടകര ട്രാഫിക് യൂനിറ്റിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ വി.പി. പ്രദീപനാണ് ദേശീയ മനുഷ്യാവകാശ വെൽഫെയറിന്റെ ശ്രേഷ്ഠ സേവ മാനവ് അവാർഡിന് അർഹനായത്.
കോവിഡ് പ്രതിസന്ധിയിൽ അരിയുമായി വീട്ടിലേക്ക് പോകുന്ന വയോധികന്റെ കൈയിൽനിന്ന് റോഡിൽ ചിതറിത്തെറിച്ച അരി പ്രദീപൻ വാരി കൊടുക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വടകര അഞ്ചു വിളക്ക് ജങ്ഷനിൽ പൊലീസിന്റെ വാഹന പരിശോധനക്കിടെയായിരുന്നു സംഭവം. പകച്ചുപോയ വയോധികൻ അരി വാരി കൂട്ടുന്നതിനിടയിൽ പ്രദീപനും ഓടിയെത്തി അരി മുഴുവൻ വാരി മറ്റൊരു സഞ്ചിയിലാക്കി നിറച്ചു നൽകി.
പ്രദീപന്റെ ആത്മാർഥതയെ അന്ന് തന്നെ നിരവധി പേർ അഭിനന്ദിച്ചിരുന്നു. കോവിഡ് കാലത്ത് വൃദ്ധനെ സഹായിച്ച സേവനത്തിന് ലഭിച്ച അംഗീകാരമാണിത് .ഡി. ഐ.ജി ഹരിശങ്കർ, ചലച്ചിത്ര താരം പത്മശ്രീ മധു, വാവ സുരേഷ് ഉൾപ്പെടെ മുപ്പതോളം പേരാണ് ഈവർഷം അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. ജൂൺ 26 ന് എറണാകുളത്തു നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽനിന്ന് അവാർഡ് ഏറ്റുവാങ്ങും. തിരുവള്ളൂർ കന്നിനട സ്വദേശിയായ വലിയ വളപ്പിൽ പ്രദീപന് 2019 ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലും ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.