വടകര: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വെങ്ങളം-അഴിയൂർ റീച്ചിൽ ഡീറ്റൈൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) പുറത്തുവിടാൻ ദേശീയപാത അതോറിറ്റി തയാറാകാത്തതിനാൽ ആശങ്കയൊഴിയുന്നില്ല. ഡി.പി.ആർ ലഭിക്കാത്തതിനാൽ പല ഭാഗങ്ങളിലും നടക്കുന്ന നിർമാണപ്രവർത്തനങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാണിക്കാൻ പറ്റാത്ത അവസ്ഥയാണ്. ദേശീയപാത നിർമാണപ്രവൃത്തി പകുതിയിലധികം പിന്നിട്ടിട്ടും അധികൃതർ ഡി.പി.ആർ നൽകാതെ ഉരുണ്ടുകളിക്കുകയാണ്. നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ ഉയരുമ്പോൾ വിളിച്ചുചേർക്കുന്ന യോഗങ്ങളിൽ ജനപ്രതിനിധികൾ ഡി.പി.ആർ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തുമ്പോൾ അധികൃതർ മൗനംപാലിക്കുകയാണ്.
ഡി.പി.ആർ ലഭ്യമല്ലാത്തതിനാൽ നിർമാണം പാതിയിലെത്തുമ്പോഴാണ് യാത്രാപ്രശ്നത്തിന്റ രൂക്ഷത ജനം മനസ്സിലാക്കുന്നത്. നാദാപുരം റോഡിലും മുക്കാളിയിലും ജനങ്ങൾ സമരമുഖത്താണ്. വടക്കേ മുക്കാളിയിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കാനും ചോമ്പാൽ ബംഗ്ലാവിൽ ക്ഷേത്രത്തിനടുത്ത് ഹൈവേയിൽ നിർമിച്ച ഡ്രെയ്നേജിലെ വെള്ളം പൊതുവഴിയിലേക്ക് തുറന്നുവിടുന്നതിനുമെതിരെ മുക്കാളി അടിപ്പാത ഡ്രെയ്നേജ് സംരക്ഷണ സമിതി പ്രത്യക്ഷ സമരം തുടങ്ങിയിട്ടുണ്ട്.
മടപ്പള്ളിയിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാണ്. സർവിസ് റോഡുകളിൽനിന്ന് ദേശീയപാതയിലേക്കു കയറാൻ ടൗണുകളിൽനിന്ന് ദീർഘദൂരം പോകേണ്ട അവസ്ഥയാണ്. ഇതിന് ശാശ്വതപരിഹാരം കാണാൻ ഡി.പി.ആർ ഉൾപ്പെടെ ലഭ്യമാക്കി ജനങ്ങളെ വിശ്വാസത്തിലെടുത്ത് അധികൃതർ മുന്നോട്ടുപോകണമെന്ന ആവശ്യം ശക്തമാണ്. അതേസമയം, ദേശീയപാത കർമസമിതി വിവരാവകാശം മുഖേന ഡി.പി.ആർ ലഭ്യമാക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്.
വടകര: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഡി.പി.ആർ പുറത്തുവിടാൻ ദേശീയപാത അതോറിറ്റി തയാറാവണമെന്ന് ദേശീയപാത കർമസമിതി ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിലവിൽ നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകൾ നിലവിലുണ്ട്. ഇത് മാറ്റാൻ ഡി.പി.ആർ പുറത്തുവിടുന്നതിലൂടെ സാധിക്കും.
ജനപ്രതിനിധികൾക്കുപോലും ഇത് നൽകാത്തതിൽ ദുരൂഹതയുണ്ട്. ചെയർമാൻ സി.വി. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. എ.ടി. മഹേഷ്, പ്രദീപ് ചോമ്പാല, കെ. കുഞ്ഞിരാമൻ, പി. സുരേഷ്, പി.കെ. കുഞ്ഞിരാമൻ, പി. പ്രകാശ് കുമാർ, അബു തിക്കോടി, പി. ബാബുരാജ്, ശ്രീധരൻ മൂരാട്, രാമചന്ദ്രൻ പൂക്കാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.