വടകര: കെ.പി.സി.സി വിചാർ വിഭാഗിന്റെ നേതൃത്വത്തിൽ നടക്കുന്ന കോൺഗ്രസ് വടകര സമ്മേളനത്തിന്റെ തൊണ്ണൂറ്റി ഒന്നാം വാർഷികത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസിന്റെയും കേരളത്തിന്റെയും രാഷ്ട്രീയ ചരിത്രത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ട സമ്മേളനം നടന്നത് 1931 മേയ് 3, 4, 5 തീയതികളിലാണ്. ഗുരുവായൂർ സത്യഗ്രഹ തീരുമാനമടക്കം ഈ സമ്മേളനത്തിലാണ് തീരുമാനമെടുത്തതെന്ന് ഭാരവാഹികൾ പറഞ്ഞു. സമ്മേളനത്തിന് ചുക്കാൻപിടിച്ച എം.പി. നാരായണ മേനോന്റെ പേരിലാണ് വടകര നാരായണ നഗരം ഗ്രൗണ്ട് അറിയപ്പെടുന്നത്.
സമ്മേളന പുനരാവിഷ്കരണത്തിന്റെ ഒന്നാം ദിവസമായ മേയ് മൂന്നിന് രാവിലെ ഒമ്പത് മണിക്ക് മുതിർന്ന കോൺഗ്രസ് നേതാവ് അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ പതാക ഉയർത്തും. മേയ് നാലിന് വൈകീട്ട് മൂന്ന് മണിക്ക് നാരായണ നഗരം സി.വി ഹാളിൽ നടക്കുന്ന ചരിത്ര സെമിനാർ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യും. യു.കെ. കുമാരൻ വിഷയാവതരണം നടത്തും. മേയ് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. എം.പി. നാരായണ മേനോന്റെ കുടുംബാംഗങ്ങളെ മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആദരിക്കും.
വാർത്തസമ്മേളനത്തിൽ കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന സെക്രട്ടറി ഹരീന്ദ്രൻ കരിമ്പനപ്പാലം, സ്വാഗതസംഘം ചെയർമാൻ അഡ്വ. ഇ. നാരായണൻ നായർ, സി.പി. വിശ്വനാഥൻ, വി.പി. സർവോത്തമൻ, കെ.പി. കുഞ്ഞികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.