വടകര: വാഹനങ്ങളുടെ അമിതവേഗതയിൽ ദേശീയപാത കുരുതിക്കളമാവുന്നു. മുക്കാളിയിൽ ചൊവ്വാഴ്ച വൈകീട്ട് മിനിലോറിയും ബസും കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും പതിനഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മിനിലോറി ഡ്രൈവർ തളിപ്പറമ്പ് കുറ്റിയേരി സ്വദേശി ചെറിയൂർ ശാദുലിയുടെ മകൻ പി.പി. അബ്ദുൽ റഷീദാണ് (39) മരിച്ചത്. മരച്ചീനിയുമായി പോവുകയായിരുന്ന മിനിലോറി ബസുമായാണ് ഇടിച്ചത്. മിനിലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പ്രയാസപ്പെട്ട് പുറത്തെടുത്ത് വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. പരിക്കേറ്റവരെ നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് മാഹിയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ദേശീയപാതയുടെ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗതക്കുരുക്കിൽപെടുന്ന ബസുകൾ സമയക്രമം പാലിക്കാൻ കുതിച്ചോടുന്നതാണ് അപകടത്തിനിടയാക്കുന്നത്.
ദേശീയപാതയിൽ ചെറുവാഹനങ്ങൾക്ക് രക്ഷയില്ലാത്ത സ്ഥിതിയായിട്ടുണ്ട്. അടുത്തിടെയാണ് കുഞ്ഞിപ്പള്ളിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റത്. കുഞ്ഞിപ്പള്ളിയിൽ കഴിഞ്ഞദിവസം ആംബുലൻസ് തട്ടി പരിക്കേറ്റ വയോധികൻ ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മേഖലയിൽ അപകടമുണ്ടായത്. അപകടങ്ങൾ തുടർക്കഥയാവുമ്പോൾ ബസുകളുടെ അമിതവേഗത നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. കോഴിക്കോട്-കണ്ണൂർ റൂട്ടിൽ ഓടുന്ന ലിമിറ്റഡ് സ്റ്റോപ് ബസുകളുടെ അമിതവേഗതക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല, സെക്രട്ടറി കെ.കെ. ബഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.