വടകര: വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് അന്തർ സംസ്ഥാന മോഷണ സംഘം വിലസുന്നു. സൂപ്പർ മാർക്കറ്റുകളും കച്ചവട സ്ഥാപനങ്ങളുമാണ് സംഘം ലക്ഷ്യമിടുന്നത്. 18 നും 25 നും ഇടയിൽ പ്രായമുള്ളവരാണ് മോഷണ സംഘത്തിലുള്ളത്.
കഴിഞ്ഞ ദിവസം നാദാപുരം കല്ലാച്ചിയിൽ സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തി കടന്നുകളയുന്നതിനിടെ രണ്ടു പേരെ പിടികൂടുകയായിരുന്നു. കടയിലെ 10000 രൂപയോളം വിലയുള്ള സാധനങ്ങളാണ് ഇവർ മോഷ്ടിച്ചത്. കടയിലെ സി.സി.ടി.വിയിൽ മോഷണ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. സ്റ്റേഷനടുത്ത് നിന്ന് ഓടിമറയാൻ ശ്രമിച്ച മോഷ്ടാക്കളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടിയാണ് പൊലീസിൽ ഏൽപ്പിച്ചത്.
എന്നാൽ സ്ഥാപന ഉടമകൾക്ക് പരാതിയില്ലെന്ന കാരണത്താൽ മോഷ്ടാക്കളെ കൂടുതൽ ചോദ്യം ചെയ്യാതെ പൊലീസ് വിട്ടയച്ചു. ഇവരുടെ കൈവശം ഒരു വിധ തിരിച്ചറിയൽ കാർഡുകളും ഉണ്ടായിരുന്നില്ല. 23 ന് രാത്രിയാണ് കല്ലാച്ചിയിൽ മോഷണത്തിനിടെ സംഘം പിടിയിലായത്.
സമാന രീതിയിൽ കുറ്റ്യാടിയിലും കണ്ണൂരിലും സൂപ്പർ മാർക്കറ്റുകളിൽ ഇവർ മോഷണം നടത്തി കടന്നുകളഞ്ഞതായി വിവരം പുറത്തുവന്നിട്ടുണ്ട്. മോഷ്ടാക്കൾക്ക് പിന്നിൽ വൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നതായാണ് വിവരം. മോഷണ മുതലുകൾ വിൽക്കാൻ പ്രത്യേക സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. ജില്ലക്ക് അകത്തും പുറത്തുമായുള്ള പല വൻകിട സൂപ്പർമാർക്കറ്റുകളിലും ഇത്തരത്തിൽ മോഷണം നടന്നിട്ടുണ്ട്.
കണ്ണൂരിലെ സ്മൈൽ സൂപ്പർമാർക്കറ്റിൽ നിന്നും കഴിഞ്ഞ മാസം 22 ന് 20000 രൂപയുടെ സാധനങ്ങൾ മോഷണം പോയിരുന്നു. എന്നാൽ ഇവിടെ നിന്നും മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. ഇതു സംബന്ധിച്ച് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതിയുണ്ട്. സമാനമായ രീതിയിൽ കൂത്താളിയിലും സൂപ്പർ മാർക്കറ്റിൽ മോഷണം നടന്നിട്ടുണ്ട്.
ചില കടകളിൽ സാധനങ്ങളിൽ കുറവ് വന്നപ്പോൾ സി.സി.ടി.വി പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ഒരു നടപടിയും സ്വീകരിക്കാതെ അന്തർ സംസ്ഥാന മോഷണ സംഘത്തെ വിട്ടയച്ച പൊലീസ് നടപടി വിവാദമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.