വടകര: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ മലിനജലം അഴുക്ക് ചാലിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയ മൂന്ന് ഹോട്ടലുകൾ അടക്കാൻ നോട്ടീസ് നൽകി. എടോടി ജങ്ഷനിലെ പ്രധാന ഹോട്ടലുകളായ സെൻട്രൽ, രവീന്ദ്ര ടീ ഷോപ്, ജയരാജ് ഹോട്ടൽ എന്നീ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്.
എടോടി ജങ്ഷന് എതിർവശത്ത് ജയരാജ് ഹോട്ടലിന് പിറകുവശത്തെ ഓവുചാലിലേക്കാണ് മലിനജലം തുറന്നുവിട്ടത്. ഇവിടെ ബിവറേജ് ഔട്ട് ലെറ്റിന് അടുത്ത് വർഷങ്ങൾക്കുമുമ്പ് സ്വകാര്യ വ്യക്തികൾ ഓവുചാലിന് മുകളിൽ മണ്ണിട്ട് നികത്തി അടിഭാഗത്തെ മഴവെള്ളം ഒഴുകിപ്പോകുന്നതിനായി നിർമിച്ചതാണ് ഈ ഓവുചാൽ.
ആരോഗ്യവിഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മലിനജലത്തിന്റ ഒഴുക്ക് കണ്ടെത്തിയത്. മലിനജലം ഒഴുകിയെത്തുന്നത് കരിമ്പന പാലത്തെ ജനവാസ മേഖലയിലേക്കാണ്. മലിനജലം പൊതു ഓവുചാലിലേക്ക് ഒഴുക്കിവിടുന്ന സ്ഥാപനങ്ങളുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാധ്യക്ഷ കെ.പി. ബിന്ദുവും സെക്രട്ടറി എൻ.കെ. ഹരീഷും മുന്നറിയിപ്പു നൽകി.
പരിശോധനക്ക് ക്ലീൻ സിറ്റി മാനേജർ സി.എ. വിൻസന്റ്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ആർ.എസ്. സ്റ്റീഫൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.കെ അശോകൻ, ഇ.സി. രമ്യ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.