വടകര: നഗരസഭ ആരോഗ്യ വിഭാഗം ടൗണിലെ ഹോട്ടലുകളിലും ഫാസ്റ്റ്ഫുഡ് കൂൾബാറിലും നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ പിടിച്ചെടുത്തു. സ്ഥാപനങ്ങളുടെ പേര് നഗരസഭ ആരോഗ്യ വിഭാഗം വെളിപ്പെടുത്തിയില്ല. വൃത്തിഹീനമായ ചുറ്റുപാടിൽ കണ്ടെത്തിയ 25 കിലോ കോഴിയിറച്ചി ഒരു കടയിൽ നിന്നും കണ്ടെടുത്ത് നശിപ്പിച്ച് കട പൂട്ടിച്ചു.
എന്നാൽ, കടയുടെ പേര് ആരോഗ്യ വിഭാഗം വെളിപ്പെടുത്തിയിട്ടില്ല. പരിശോധന നടത്തിയ വിവരം നഗരസഭ ആരോഗ്യ വിഭാഗം മാധ്യമങ്ങൾക്ക് നൽകുകയും കടകളുടെ പേരുകൾ ഒഴിവാക്കുകയുമായിരുന്നു.
കടകളുടെ പേരിനായി ബന്ധപ്പെട്ടെങ്കിലും ലഭ്യമാക്കാതെ അധികൃതർ ഒഴിഞ്ഞു മാറി. പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കുള്ള അവിഹിത ഇടപാടാണ് പേര് വെളിപ്പെടുത്താത്തതെന്ന് സൂചനയുണ്ട്. പഴയ ബസ് സ്റ്റാൻഡ്, പുതിയ സ്റ്റാൻഡ്, നാഷനൽ ഹൈവേയോട് ചേർന്നുള്ള സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്.
പഴകിയ മസാലകൾ, ബീഫ്, ചിക്കൻ, ചോറ്, ഗ്രീൻപീസ്, കോളി ഫ്ലവർ, അച്ചാർ തുടങ്ങിയവ പിടിച്ചെടുത്തവയിൽ ഉൾപെടും. എട്ടു കടകളിൽ പരിശോധന നടത്തി മൂന്നു കടകൾക്ക് നോട്ടീസ് നൽകി.
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്ത ഒരു സ്ഥാപനം അടച്ചു പൂട്ടുകയുണ്ടായി. ഭക്ഷണം പാചകം ചെയ്ത് വിൽപന നടത്തുന്ന സ്ഥാപനങ്ങൾ വെള്ളം പരിശോധിച്ച റിപ്പോർട്ട്, ഹെൽത്ത് കാർഡ് എന്നിവ സ്ഥാപനങ്ങളിൽ സൂക്ഷിക്കണമെന്ന് നിർദേശിച്ചു. ഭക്ഷണം പാചകം ചെയ്ത് പാർസൽ നൽകുന്ന സ്ഥാപനങ്ങൾ, സ്ഥാപനത്തിന്റെ പേര്, പാചകം ചെയ്ത തീയതി, സമയം എന്നിവ രേഖപ്പെടുത്തി സ്റ്റിക്കർ പതിച്ച് നൽകുന്നതിന് നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.
പരിശോധനക്ക് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ആർ.എസ് സ്റ്റീഫൻ, എം.കെ സുബൈർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ടി. അശോകൻ ടി.കെ. അജ്ന എന്നിവരാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.