വടകര: വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ പതിവായിട്ടും പഴയ ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ്പോസ്റ്റ് നോക്കുകുത്തിയാവുന്നു. വൈകീട്ട് ബസ് സ്റ്റാൻഡിലെത്തുന്ന സ്കൂൾ, കോളജ് വിദ്യാർഥികളാണ് ഇരുചേരികളിലായി തിരിഞ്ഞ് ഏറ്റുമുട്ടുന്നത്.
എയ്ഡ് പോസ്റ്റിൽ പൊലീസില്ലാത്തതിനാൽ സംഘർഷം അതിരുവിടുമ്പോൾ വ്യാപാരികളും തൊഴിലാളികളും മറ്റുള്ളവരും വിദ്യാർഥികളെ പിന്തിരിപ്പിക്കുകയാണ് പതിവ്. എയ്ഡ് പോസ്റ്റ് നിലവിലുണ്ടെങ്കിലും ഡ്യൂട്ടിയിൽ ആരും ഉണ്ടാകാറില്ല.
സംഘർഷം പരിഹരിക്കാൻ ഇടപെടുന്നവർക്ക് വിദ്യാർഥികളിൽനിന്ന് മോശം പെരുമാറ്റം നേരിടുന്നതും പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. സംഘർഷം കൈവിടുമ്പോൾ സ്റ്റേഷനിൽനിന്ന് പൊലീസ് ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും വിദ്യാർഥികൾ സ്ഥലംവിടുന്ന അവസ്ഥയാണ്. സ്റ്റാൻഡിൽ എത്തുന്ന സ്ത്രീകളും പെൺകുട്ടികൾ അടക്കമുള്ള യാത്രക്കാർക്ക് വിദ്യാർഥികളുടെ സ്ഥിരം സംഘർഷം പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. വിദ്യാർഥികളെ വലയിലാക്കാൻ ലഹരിമാഫിയകളും വൈകീട്ടോടെ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
ലഹരിമാഫിയകളും വിദ്യാർഥികളെ തമ്മിലടിപ്പിക്കാനുള്ള അവസരമൊരുക്കുകയാണ്. മാസത്തിനിടെ നിരവധി തവണയാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. സ്കൂൾ, കോളജ് സമയം കഴിഞ്ഞാൽ വീട്ടിലേക്ക് പോകാൻ വിദ്യാർഥികളിൽ പലരും തയാറാകുന്നില്ല. നേരം വൈകും വരെ ബസ് സ്റ്റാൻഡിലും മറ്റും കറങ്ങിയ ശേഷമാണ് പലരും വീട്ടിലേക്ക് പോകുന്നത്. വിദ്യാഭ്യാസ സ്ഥാപന അധികാരികളും വിഷയത്തിൽ ജാഗ്രതപുലർത്തണമെന്ന് നഗരവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.