വടകര: സ്വപ്നപദ്ധതിയായി കൊട്ടിഘോഷിച്ച് നിർമാണം തുടങ്ങിയ ബി.ഒ.ടി കെട്ടിടം 20 വർഷം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാൻ കഴിയാതെ നഗരസഭ ഇരുട്ടിൽ തപ്പുന്നു. 2003ൽ ടെൻഡർ ചെയ്ത് 2006 ഏപ്രിലിലാണ് വടകര നഗരസഭ ഹോളിഡേ കമ്പനിയുമായി കെട്ടിടം പണിയാൻ നിർമാണക്കരാറിൽ ഏർപ്പെടുന്നത്. 18 മാസം കൊണ്ട് പണി പൂർത്തീകരിച്ച് 25 വർഷം പ്രവർത്തിപ്പിച്ച് കെട്ടിടവും ഭൂമിയും സർക്കാറിനെ തിരിച്ചേൽപിക്കണം എന്നായിരുന്നു വ്യവസ്ഥ.
എന്നാൽ, രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും നഗരഹൃദയത്തിൽ തലയുയർത്തിനിൽക്കുന്ന കെട്ടിടം വാടകക്ക് നൽകാൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട നിരവധി വ്യാപാരികൾ തെരുവിലിറക്കപ്പെട്ടപ്പോൾ ആശ്വാസമാവേണ്ട കെട്ടിട സമുച്ചയമാണ് നോക്കുകുത്തിയായത്. ദേശീയപാതയോരത്തെ കടകൾ കുഴിയൊഴിപ്പിച്ചതോടെ കെട്ടിട വാടകയിലും അഡ്വാൻസിലും വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ബി.ഒ.ടി കെട്ടിടവും നഗരസഭ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടവും ഉപയോഗപ്പെടുത്തിയാൽ വ്യാപാരികളിൽ കുറച്ചു പേർക്കെങ്കിലും ആശ്വാസമാവും.
നഗരസഭ ഷോപ്പിങ് കോംപ്ലക്സിലെ കെട്ടിട വാടക താങ്ങാൻ കഴിയാത്തതിനാൽ നിരവധി തവണ ലേലം മാറ്റിവെക്കുന്ന സ്ഥിതിയാണുണ്ടായത്. 2010-2015 കാലയളവിലുണ്ടായ വിജിലൻസ് കേസിൽ ബി.ഒ.ടി കെട്ടിടം പണി ഇഴഞ്ഞുനീങ്ങിയിരുന്നു. 1029.19 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ബി.ഒ.ടി കമ്പനി ഹോളിഡേ സിറ്റി സെന്റർ അനധികൃത നിർമാണം നടത്തിയിരുന്നു.
കരാർ വ്യവസ്ഥ പ്രകാരം വർഷംതോറും നൽകിവരുന്ന 14 ലക്ഷം രൂപയുടെ അനുപാതികമായി ചതുരശ്ര മീറ്ററിന് 61.32 രൂപ കണക്കാക്കി നഗരസഭ ഇതേത്തുടർന്ന് വർധന വരുത്തിയിരുന്നു. 20 വർഷം മുമ്പാണ് കെട്ടിട നിർമാണത്തിനായി കരാർ വെച്ചതെന്നും അന്നു മുതലുള്ള അധിക തുക ഈടാക്കാത്തത് കമ്പനിയെ സഹായിക്കാനാണെന്നും ആക്ഷേപം ഉയർന്നിരുന്നു. ഒക്യുപേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ നഗരസഭ കമ്പനിക്ക് നൽകിക്കഴിഞ്ഞ സ്ഥിതിക്ക് കടകൾ ലഭ്യമാക്കേണ്ടത് കമ്പനിയാണ്.
കെട്ടിടം പഴയകാല നിർമിതിയായതിനാൽ വൻകിടക്കാർക്ക് ഉപയോഗിക്കണമെങ്കിൽ വീണ്ടും മാറ്റംവരുത്തേണ്ട
സ്ഥിതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.