വടകര: ഏറാമലയിൽ ക്ഷേത്രോത്സവത്തിനിടെ ചൂതാട്ട സ്ഥലത്ത് പരിശോധനക്കെത്തിയ പൊലീസുകാരനെ കുത്തി വീഴ്ത്തിയത് ആഗ് ഓപറേഷനിൽ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചയാൾ. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
നാദാപുരം കായപ്പനച്ചി സ്വദേശി ഷൈജുവാണ് പൊലീസുകാരനെ കുത്തി വീഴ്ത്തിയതെന്ന് തിരിച്ചറിഞ്ഞു. ഒളിവിൽ പോയ ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. നാദാപുരം വളയം, തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കേസുകളിലും, തീവെപ്പ്, അടിപിടി കേസുകളിലും പ്രതിയാണ് ഷൈജു.
2021ൽ നാദാപുരം പൊലീസ് ഗുണ്ട ലിസ്റ്റിൽപെടുത്തിയതിനെ തുടർന്ന് നല്ല നടപ്പ് നിർദേശിച്ച് ആർ.ഡി ഒ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കായപ്പനച്ചി ഇരിങ്ങണ്ണൂർ റോഡിൽ സൂപ്പർ മാർക്കറ്റ് തീ വെച്ച കേസിൽ ഉൾപ്പെട്ടതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം ഗുണ്ട-മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ ഓപറേഷൻ ആഗിൽ ഷൈജുവിനെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. പുതിയ കേസുകളിൽ ഉൾപ്പെടാത്തതിനാലും പഴയ കേസുകളിൽ ജാമ്യത്തിൽ ആയതിനാലുമാണ് വിട്ടയച്ചത്.
എ.ആർ ക്യാമ്പിലെ പൊലീസുകാരൻ നടുവണ്ണൂർ സ്വദേശി അഖിലേഷിനാണ് (33) കുത്തേറ്റത്. പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കാലിന്റെ തുടയിൽ ആഴത്തിൽ മുറിവേറ്റ പൊലീസുകാരൻ ശസ്ത്രക്രിയക്ക് വിധേയമായി സുഖം പ്രാപിച്ചുവരുകയാണ്. തിങ്കളാഴ്ച്ച രാത്രി 11.30 ഓടെയാണ്ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെ പണം വെച്ച് ശീട്ടുകളിയും, ചട്ടികളിയും നടക്കുന്നതറിഞ്ഞ് എടച്ചേരി പൊലീസിന്റ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തിയത്. പൊലീസ് സ്ഥലത്തെത്തിയതോടെ ചൂതാട്ടത്തിനെത്തിയവർ ചിതറി ഓടുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തിരുന്നു.
ഇതിനിടെ, പൊലീസുകാരനെ കുത്തി വീഴ്ത്തുകയുമായിരുന്നു. വടകര ഡിവൈ.എസ്.പി ആർ. ഹരിപ്രസാദിന്റെ മേൽനോട്ടത്തിൽ എടച്ചേരി സി.ഐ ശിവൻ ചോടത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ അഞ്ചു പേർക്കെതിരെയാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് എടച്ചേരി പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.