വടകര: രക്ഷാ സംവിധാനങ്ങളില്ലാത്തതുമൂലം അപകടത്തിൽ കടലിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നു. നാല് വർഷത്തിനിടയിൽ വടകര തീരമേഖലയിൽ കടലിൽ അപകടത്തിൽ പൊലിഞ്ഞത് 23 ജീവനുകളാണ്. മയ്യഴി പുഴയും കുറ്റ്യാടി പുഴയും കടലിൽ സംഗമിക്കുന്ന അഴിമുഖങ്ങളിലും ഗോസായികുന്നും ചോമ്പാല ഹാർബറിലും മത്സ്യബന്ധനത്തിനിടയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും കടൽ കാണാനെത്തിയവരുടെയും ജീവനാണ് പൊലിഞ്ഞത്.
കടലിൽ അപകടമുണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ആവശ്യമായ സുരക്ഷ സംവിധാനങ്ങളില്ലാത്തതാണ് ജീവൻ പൊലിയാനിടയാക്കുന്നത്. വടകര തീരത്ത് സുരക്ഷ-ജീവൻരക്ഷ പ്രവർത്തനങ്ങൾക്ക് ആശ്രയിക്കുന്നത് വടകര തീരദേശ പൊലീസ് സ്റ്റേഷനെയാണ്. എന്നാൽ, ഇവിടെ സുരക്ഷ സംവിധാനത്തിന് സ്റ്റേഷൻ കൈവശമുള്ളത് പത്ത് വർഷത്തിലേറെ പഴക്കമുള്ള നിരീക്ഷണ ബോട്ട് മാത്രമാണ്. ഇതാണെങ്കിൽ പല സമയത്തും കട്ടപ്പുറത്താണ്.
തീരദേശത്ത് ആവശ്യമായ എൻജിൻ ഘടിപ്പിച്ച റെസ്ക്യൂ ബോട്ടുകൾ, വാട്ടർ ക്രാഫ്റ്റുകൾ, ലൈഫ് ഗാർഡുകൾ, ലൈഫ് ജാക്കറ്റുകൾ, ലൈഫ് റാഫ്റ്റ്, ഇമ്മേഴ്ഷൻ സ്യൂട്ടുകൾ എന്നിവയും ആധുനിക മുങ്ങൽ ഉപകരണങ്ങൾ, വെളിച്ചത്തിനാവശ്യമായ ബീം ലൈറ്റുകൾ, സ്കൂബ ഡൈവിങ് ഉപകരണങ്ങളുമടക്കം സജ്ജീകരിക്കേണ്ടതുണ്ട്.
എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടികളും ഉണ്ടാവുന്നില്ല. അപകടങ്ങൾ തുടർക്കഥയാവുമ്പോൾ മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെ ബോട്ടുകളും വള്ളങ്ങളുമാണ് രക്ഷാപ്രവർത്തനത്തിന് പലപ്പോഴും ആശ്രയമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.