വടകര: മത്സ്യത്തൊഴിലാളികൾക്ക് ആശ്രയമായ പോർട്ട് ഓഫിസ് പരിസരം മതിൽകെട്ടി വേർതിരിക്കാൻ നീക്കം. സ്ഥലത്തുനിന്ന് മത്സ്യത്തൊഴിലാളികളെ കുടിയിറക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമെന്ന് ആക്ഷേപം. തീരദേശ തുറമുഖങ്ങളെ ഉൾപെടുത്തി കൊക്കൊണ്ട് ചരക്കു ഗതാഗതം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പോർട്ട് ഓഫിസ് നോക്കുകുത്തിയായി മാറിയിട്ട് കാലമേറെയായി.
തുറമുഖ വകുപ്പിന്റെ കീഴിലുള്ള ഓഫിസിനോട് ചേർന്ന ഭാഗം വർഷങ്ങളായി മത്സ്യത്തൊഴിലാളികൾ വലകളും വള്ളങ്ങളും അറ്റകുറ്റപ്പണി ചെയ്യാൻ ഉപയോഗിക്കുന്നതാണ്. പോർട്ട് ഓഫിസിന്റെ കീഴിലുള്ള സ്ഥലം തീരത്തോട് ചേർന്ന് നിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ പതിറ്റാണ്ടുകളായി ഈ ഭാഗമാണ് ഉപയോഗിച്ചു വരുന്നത്.
സംസ്ഥാന സർക്കാറിന്റെ തീരദേശ കപ്പൽ ഗതാഗത പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പോർട്ട് ഓഫിസ് നിർമിച്ചത്. മലബാറിലെ പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്ന വടകരയിൽ 1936 മുതൽ തുറമുഖം പ്രവർത്തിച്ച് വന്നിരുന്നു. റോഡ് മാർഗമുള്ള ഗതാഗതം അഭിവൃദ്ധിപ്പെട്ടതോടെയും കപ്പൽചാലിന്റെ ആഴം കുറയുകയും ചെയ്തതോടെ തുറമുഖത്തിന്റെ പ്രവർത്തനം പതിയെ നിലക്കുകയുണ്ടായി.
റോഡ് വഴിയുള്ള ചരക്ക് നീക്കത്തിന് ചെലവേറിയതിനാൽ ജലപാത വഴിയുള്ള ചരക്ക് നീക്കത്തിന്റെ സാധ്യത തേടിയാണ് പോർട്ട് ഓഫിസ് സ്ഥാപിതമായത്.
പിന്നീട് ഒരുവിധ പുരോഗതിയും ഉണ്ടായിട്ടില്ല. ഓഫിസ് സമുച്ചയം എന്നതിലുപരി നാടിന്റെ പുരോഗതിക്ക് ഒരു നേട്ടവുമില്ലാതെ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് എന്തിന് മതിലുകൾ തീർക്കുന്നുവെന്നാണ് മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നത്.
ഒരു കാലത്ത് മത്സ്യത്തൊഴിലാളികൾ ഉൾപെടെയുള്ള നാട്ടുകാർ കളി സ്ഥലമായി ഉപയോഗിച്ചിരുന്ന സ്ഥലത്താണ് കെട്ടിടം നിർമിച്ചത്. ഇതോടെ മേഖലയിലെ കായിക സ്വപ്നങ്ങൾ ഇരുളടഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് നഷ്ടമായ കടലോര സ്ഥലം തിരിച്ചു നൽകി കടലോര മേഖലയുടെ വികസനത്തിന് കളമൊരുക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.