വടകര: വടകര കുടുംബ കോടതിയിൽ ജഡ്ജിയില്ല, 3000ത്തോളം കേസുകൾ കെട്ടിക്കിടക്കുന്നു. കുടുംബ കോടതിയിൽ ജഡ്ജി ഇല്ലാതായിട്ട് ഒരുമാസം കഴിഞ്ഞു. മേയ് മാസംവരെ കാലാവധിയുണ്ടായിരുന്ന ജഡ്ജ് ഡിസംബർ 31ന് സ്വയം പിരിഞ്ഞുപോകുകയുണ്ടായി. ഇതോടെ കോടതിയുടെ പ്രവർത്തനം സ്തംഭിക്കുകയായിരുന്നു.
രണ്ടുവർഷമായി വടകര കുടുംബകോടതിയിൽ സ്ഥിരം ജഡ്ജിയില്ല. കോഴിക്കോട് കുടുംബ കോടതി ജഡ്ജിക്കായിരുന്നു അധികച്ചുമതല. ആഴ്ചയിൽ രണ്ട് ദിവസമായിരുന്നു സിറ്റിങ് നടത്തിയിരുന്നത്. അസുഖമായതോടെ സിറ്റിങ് ഒരു ദിവസത്തിലൊതുങ്ങി. കക്ഷികളുടെയും അഭിഭാഷകരുടെയും മുറവിളിക്കൊടുവിൽ ഹൈകോടതി കരാർ അടിസ്ഥാനത്തിൽ ജഡ്ജിയെ നിയമിക്കുകയായിരുന്നു.
കരാർ അടിസ്ഥാനത്തിൻ നിയമിതയായ ജഡ്ജിയാണ് കാലാവധിക്ക് മുമ്പേ സേവനം അവസാനിപ്പിച്ചത്. നിലവിൽ കോഴിക്കോട് കുടുംബകോടതി ജഡ്ജിന് അധിക ചുമതലയുണ്ടെങ്കിലും സിറ്റിങ് നടത്തുന്നില്ല. കൊയിലാണ്ടി വടകര താലൂക്കിലെ കുടുംബകേസുകൾ കൈകാര്യം ചെയ്യുന്നത് വടകരയിലാണ്.
കോടതി വിധിയുടെ പാശ്ചാത്തലത്തിൽ നൽകിക്കൊണ്ടിരിക്കുന്ന കുടുംബങ്ങളുടെ ജീവനാംശം നിലച്ചിരിക്കുകയാണ്. കോടതി മുഖേന സംരക്ഷണ ചെലവ് ലഭിക്കേണ്ടവർ വഴിയാധാരമായിട്ടുണ്ട്. വിവാഹ മോചനം കാത്തുകിടക്കുന്നവരും പുതുതായി വിവാഹിതരാവേണ്ടവരും പ്രയാസത്തിലാണ്.
പരാധീനതയിൽ വീർപ്പുമുട്ടുന്ന കോടതിക്ക് പുതിയ കെട്ടിടം നിർമാണത്തിന് 9.20 കോടി രൂപ അനുവദിച്ച് പ്രവർത്തനങ്ങൾ നടക്കുകയാണ്. 2009ൽ വടകര ആസ്ഥാനമായി കുടുംബ കോടതി സ്ഥാപിച്ചപ്പോഴാണ് വടകര ബാർ അസോസിയേഷൻ ഹാളും ലൈബ്രറി ഹാളും കുടുംബകോടതിക്കായി വിട്ടുകൊടുത്തത്.
കുടുംബ കോടതി സ്ഥാപിതമായി വർഷങ്ങൾ കഴിഞ്ഞിട്ടും സ്വന്തം കെട്ടിടം യാഥാർഥ്യമായിരുന്നില്ല. പഴയ കെട്ടിടത്തിൽ അഭിഭാഷകരും കക്ഷികളും ഏറെ ബുദ്ധിമുട്ടുന്നതിനിടയിലാണ് പുതിയ കെട്ടിടത്തിന് അനുമതിയായത്. ഇതിനിടെയാണ് സ്ഥിരം ജഡ്ജിയില്ലാത്ത അവസ്ഥയുമുണ്ടാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.