വടകര: മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടൽ ഭീഷണിയിൽ. ലാഭകരമല്ലാത്ത ഹാൾട്ട് സ്റ്റേഷനുകളുടെ പട്ടികയിൽപെടുത്തിയാണ് അടച്ചുപൂട്ടാൻ നീക്കം നടക്കുന്നത്. നേരത്തേ മുക്കാളിയിൽ 10 ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ടായിരുന്നു. കോവിഡിനുശേഷം നാലായി വെട്ടിച്ചുരുക്കി. ഇതിൽ രണ്ടു ട്രെയിനുകള്‍ നിർത്തുന്നത് യാത്രക്കാർ തീരെയില്ലാത്ത സമയത്താണ്. ട്രെയിനുകളുടെ എണ്ണം കുറഞ്ഞതോടെ യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായി. ഇതിന്റെ പിൻബലത്തിലാണ് അടച്ചുപൂട്ടാൻ നീക്കം നടക്കുന്നത്.
കോവിഡ് കാലത്ത് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് റെയിൽവേ ഹാൾട്ട് സ്റ്റേഷനുകളിൽ സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയത്. പതിവായി മലപ്പുറംവരെ പോകുന്ന ജീവനക്കാര്‍, വിദ്യാർഥികള്‍, വ്യാപാരികള്‍ ഇവരെല്ലാം ആശ്രയിക്കുന്ന കോയമ്പത്തൂര്‍ പാസഞ്ചര്‍ നിര്‍ബന്ധമായും മുക്കാളിയിൽ നിര്‍ത്തണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ മുഖവിലക്കെടുത്തിരുന്നില്ല.
പാസഞ്ചർ ഇവിടെ നിർത്തിയാൽ പരശുറാം എക്സ്പ്രസിലെ തിരക്ക് കുറക്കാനും കഴിയും. എന്നാൽ, സ്റ്റേഷൻതന്നെ അടച്ചുപൂട്ടാനാണ് നീക്കം. റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാനുള്ള നടപടിയിൽനിന്ന് റെയിൽവേ പിന്തിരിയണമെന്ന് ആക്ഷൻ കമ്മിറ്റിയും രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടു.
വടകര: 120 വർഷം പഴക്കമുള്ള മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാനുള്ള പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജറുടെ പ്രഖ്യാപനം ആയിരക്കണക്കായ യാത്രക്കാരോട് കാണിക്കുന്ന കടുത്ത അനീതിയും ജനവിരുദ്ധ നടപടിയുമാണെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
ലാഭനഷ്ടങ്ങൾ നോക്കിയല്ല കോൺഗ്രസ് സർക്കാറുകൾ റെയിൽവേയെ കണ്ടത്. കോവിഡ് കാലം വരെ ദീർഘദൂര ട്രെയിനുകളടക്കം 10 ട്രെയിനുകൾക്ക് മുക്കാളിയിൽ സ്റ്റോപ് നേടിയെടുത്തു. എം.പി ഫണ്ടിൽനിന്ന് പൂർണമായി പണം അനുവദിച്ചിട്ടാണ് ഇരു പ്ലാറ്റ്ഫോമുകളുടെയും നീളം കൂട്ടിയത്. കോവിഡ് കാലത്ത് ഒറ്റയടിക്ക് ദീർഘദൂര വണ്ടികളടക്കം എട്ടു വണ്ടികൾ നിർത്തലാക്കിയതുകൊണ്ടാണ് വരുമാനം കുറയാനിടയാക്കിയത്. കോവിഡിനുശേഷം എല്ലായിടത്തും നിർത്തലാക്കിയ വണ്ടികൾ പുനഃസ്ഥാപിച്ചിട്ടും മുക്കാളിയിലും നാദാപുരം റോഡിലും മാത്രം പുനഃസ്ഥാപിക്കാത്ത റെയിൽവേയുടെ നടപടി കുറ്റകരമായ വിവേചനമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.