വടകര: പാലോളിപ്പാലത്ത് പ്രവർത്തിക്കുന്ന ബി.എഡ് സെന്ററിന് വടകര നഗരസഭ അനുവദിച്ച ഭൂമി കാലിക്കറ്റ് സർവകലാശാലയുടെ പേരിൽ രജിസ്റ്റർ ചെയ്തു നൽകി. സെന്ററിന് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന് 83 സെന്റ് സ്ഥലമാണ് നഗരസഭ നൽകിയത്. സാങ്കേതിക കുരുക്കിൽ നടപടിക്രമങ്ങൾ വൈകിയത് വിവാദമായിരുന്നു.
ഒക്ടോബർ അഞ്ചിന് ചേർന്ന നഗരസഭ കൗൺസിൽ യോഗമാണ് കുരുക്കഴിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൂമി വിട്ടുനൽകാൻ നടപടി സ്വീകരിച്ചത്. നഗരസഭയും കാലിക്കറ്റ് സർവകലാശാല അധികൃതരും നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തിയതോടെയാണ് ഭൂമി രജിസ്റ്റർ ചെയ്ത് നൽകൽ യാഥാർഥ്യമായത്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബി.എഡ് സെന്ററിന് 2000 നവംബറിലാണ് 83 സെന്റ് സ്ഥലം വിട്ടുനൽകാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചത്.
ജനകീയാസൂത്രണ പദ്ധതി പ്രകാരം വ്യവസായ എസ്റ്റേറ്റിനായി വാങ്ങിയ സ്ഥലമായിരുന്നു ഇത്. സ്ഥലം വിട്ടു നൽകുമ്പോൾ വ്യവസായ എസ്റ്റേറ്റിന് പകരം ഭൂമി ലഭ്യമാക്കുമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. സർവകലാശാല സ്ഥലത്ത് കെട്ടിടം പണിതെങ്കിലും ഭൂമി സർവകലാശാലയുടെ പേരിലാക്കുന്നത് വൈകി. സ്ഥലം വിട്ടുനൽകാൻ സർക്കാർ അനുമതിയുടെ ഉത്തരവിെൻറ പകർപ്പ് കിട്ടാൻ വൈകിയത് ബി.എഡ് സെന്റർ നഷ്ടപ്പെടുന്ന അവസ്ഥയിൽ എത്തിച്ചിരുന്നു.
ഉത്തരവിെൻറ പകർപ്പ് സർവകലാശാലയിൽ നിന്നും കണ്ടെത്തി നഗരസഭയിൽ എത്തിച്ചതോടെയാണ് നടപടികൾ ദ്രുതഗതിയിലായത്. സമയബന്ധിതമായി ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാത്തതിനാൽ കുട്ടികളും രക്ഷിതാക്കളും ഏറെ ആശങ്കയിലായിരുന്നു. ഭൂമിയുടെ രജിസ്ട്രേഷനായി 5.14 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. വടകരയിലെ വിദ്യാർഥികളുടെ ഏറെക്കാലത്തെ സ്വപ്നമാണ് ബി.എഡ് സെന്ററിന് സ്വന്തം കെട്ടിടമെന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.