വടകര : വില്യാപ്പള്ളി ചേലക്കാട് റോഡ് നിർമാണത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിന് സർവകക്ഷി യോഗം ചേർന്നു. ജൂലൈ 15 നുള്ളിൽ സ്ഥലം വിട്ടുനൽകുന്നതിനെ കുറിച്ചുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ യോഗം തീരുമാനിച്ചു.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് വില്യാപ്പള്ളി സബ് രജിസ്ട്രാർ ഓഫിസ് പരിസരത്തുനിന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ കക്ഷികൾ ഉൾപ്പെടുന്ന ബഹുജന കൂട്ടായ്മ ഭൂവുടമകളെ നേരിട്ട് സന്ദർശിച്ച് നിശ്ചയിച്ച സമയത്തിനകം രേഖകൾ ശേഖരിക്കാൻ തീരുമാനിച്ചു.
കലാസമിതികൾ, വായനശാലകൾ, പെയിൻ ആൻഡ് പാലിയേറ്റിവ് സ്ഥാപനങ്ങൾ, പൗരപ്രമുഖർ എന്നിവരെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ വിപുലമാക്കും. ബഹുജന കൂട്ടായ്മകൾ രൂപവത്കരിക്കും. റോഡ് വികസനത്തിന് 83 കോടി രൂപക്കുള്ള പുതുക്കിയ എസ്റ്റിമേറ്റാണ് അംഗീകാരത്തിനായി സമർപ്പിച്ചത്. റോഡ് പ്രവൃത്തി നടപ്പാക്കാൻ എല്ലാ രാഷ്ട്രീയപാർട്ടി പ്രതിനിധികളും പിന്തുണ അറിയിച്ചു. യോഗത്തിൽ കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.എം. വിമല, ആയഞ്ചേരി പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് വെള്ളിലാട്ടിൽ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ലീന, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.