കോഴിക്കോട്: വിവിധ തലങ്ങളിൽ സുരക്ഷയൊരുക്കിയിട്ടും നഗര പരിധിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്ക് കുറവില്ല. വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണമാണ്, സ്ത്രീകളും കുട്ടികളും വേണ്ടത്ര സുരക്ഷിതരല്ലെന്ന കാര്യം ചൂണ്ടിക്കാട്ടുന്നത്. ഈ വർഷം മാർച്ചുവരെ മാത്രം സിറ്റി പൊലീസ് 374 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കുട്ടികൾ അതിക്രമങ്ങൾക്കിരയായതുമായി ബന്ധപ്പെട്ട് മാത്രം ഈ വർഷം 70 കേസുകൾ രജിസ്റ്റർ ചെയ്തു. 11 പേർ ബലാത്സംഗത്തിനിരയായി. നാലുപേരെ തട്ടിക്കൊണ്ടുപോയി. 55 പേരാണ് മറ്റുതരത്തിലുള്ള അതിക്രമങ്ങൾക്കിരയായത്. കഴിഞ്ഞ വർഷം ആകെ 162 കേസുകൾ രജിസ്റ്റർ ചെയ്തിടത്താണ് മൂന്നുമാസത്തിനുള്ളിൽ പകുതിയോളം കേസുകളുണ്ടായത് എന്നതാണ് ഗുരുതരം.
സ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് മാർച്ചുവരെ 304 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുൻവർഷം 899 കേസുകളുണ്ടായിരുന്നു. 23 പേർ ബലാത്സംഗത്തിനിരയായി. നാലുപേരെ തട്ടിക്കൊണ്ടുപോയി. 88 പേർ ഭർത്താക്കന്മാരിൽനിന്നും ബന്ധുക്കളിൽനിന്നുമാണ് അതിക്രമത്തിനിരയായത്. പീഡനവുമായി ബന്ധപ്പെട്ട് 85ഉം സ്ത്രീകളെ ശല്യംചെയ്യലുമായി ബന്ധപ്പെട്ട് 12 കേസുകളും രജിസ്റ്റർ ചെയ്തു. മറ്റുതരത്തിലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 92 കേസുകളുമുണ്ട്. കുട്ടികളുടെ കാര്യത്തിൽ ശൈശവ വിവാഹവും സ്ത്രീകളുടെ കാര്യത്തിൽ സ്ത്രീധന പീഡന മരണങ്ങളും സമീപകാലത്തുണ്ടായിട്ടില്ല എന്നതുമാത്രമാണ് ആശ്വാസകരം.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി സർക്കാർ തലത്തിലും വിവിധ ഏജൻസികൾ മുഖേനയും വിവിധ തലത്തിലുള്ള കാമ്പയിനുകളടക്കം സജീവമാകുമ്പോഴാണ് അതിക്രമങ്ങൾക്ക് കുറവുണ്ടാകാത്തത്. അതേസമയം, മുമ്പത്തെ അപേക്ഷിച്ച് കൂടുതൽപേർ പരാതി നൽകാൻ തയാറാവുന്നതാണ് കേസുകളുടെ വർധനക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, അതിക്രമത്തിനിരയായിട്ടും പരാതി നൽകാത്തവരും ഏറെയാണ്. ഇതുകൂടി പരിഗണിക്കുമ്പോൾ കണക്ക് ഇനിയും ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.