മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ നിരപരാധിയെന്ന് കണ്ട് വിട്ടയച്ച അബ്ദുൽ വാഹിദ് ശൈഖ് ‘ഹീമോലിംഫ്’ സിനിമയുടെ പ്രദർശനത്തിനുശേഷം സംവാദത്തിൽ സംസാരിക്കുന്നു. സംവിധായകൻ സുദർശൻ ഗമാരോ, ശൈഖിന്‍റെ വേഷമിട്ട ഡോ. റിയാസ് അൻവർ സമീപം

ജയിലിലടക്കപ്പെട്ട നിരപരാധികളുടെ നാവാകും -അബ്ദുൽ വാഹിദ് ശൈഖ്

കോഴിക്കോട്: തനിക്കുവേണ്ടിയല്ല, ജയിലിലടക്കപ്പെട്ട എല്ലാ നിരപരാധികൾക്കും വേണ്ടിയാണ് സംസാരിക്കുന്നതെന്ന് മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട് ഒമ്പത് വർഷത്തോളം ജയിലിൽ കിടന്നതിനുശേഷം നിരപരാധിയെന്ന് കണ്ട് വിട്ടയച്ച അബ്ദുൽ വാഹിദ് ശൈഖ്.

ശൈഖിന്‍റെ അനുഭവങ്ങൾ പ്രമേയമാക്കിയെടുത്ത 'ഹീമോലിംഫ്' സിനിമയുടെ പ്രദർശനത്തിനുശേഷം ആർ.പി മാളിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നോടൊപ്പം പ്രതിയായി മുദ്രകുത്തപ്പെട്ട 12 നിരപരാധികൾ ജയിലുകളിൽതന്നെയാണ്. ഒരാൾ കോവിഡ് ബാധിച്ച് മരിച്ചു. അഞ്ചുപേരെ വധശിക്ഷക്ക് വിധിച്ചു. ബാക്കിയുള്ളവർ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നു. തന്നെ പോലെ നിരവധി നിരപരാധികൾ ജയിലിലുണ്ട്. അവരുടെ നാവായാണ് താൻ പ്രവർത്തിക്കുന്നത്.

യു.എ.പി.എ, മക്കോക്ക, ടാഡ എന്നീ നിയമങ്ങൾക്കെല്ലാമെതിരെയാണ് സംസാരിക്കുന്നത്. എന്നെ കള്ളക്കേസിൽ കുടുക്കിയതിനെക്കുറിച്ചും ജയിലനുഭവങ്ങളെക്കുറിച്ചും എപ്പോൾ ഓർത്താലും വികാരാധീനനാകും. ദേശീയ താല്‍പര്യത്തിന്‍റെ പേരില്‍ നിരപരാധികള്‍ പ്രതിചേർക്കപ്പെടുന്നത് എങ്ങനെയെന്നതിന്‍റെ നേർക്കാഴ്ചയാണ് സിനിമയെന്നും ശൈഖ് പറഞ്ഞു. 'ഹീമോലിംഫ്' എന്നാൽ, കീടങ്ങളുടെ രക്തം എന്നാണ് അർഥം. അതാരും കാണാറില്ല. അതേക്കുറിച്ച് ചിന്തിക്കാറില്ല. ചവിട്ടിയരക്കപ്പെട്ട ജീവിതങ്ങൾ കാണാനുള്ള കാഴ്ച ഈ സമൂഹത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഓർമിപ്പിക്കാനാണ് താൻ ഈ സിനിമ സംവിധാനം ചെയ്തതെന്ന് സംവിധായകൻ സുദർശൻ ഗമാരെ പറഞ്ഞു.

സിനിമയായി ബന്ധപ്പെട്ട് ജീവിച്ച മൂന്നുവർഷവും താൻ അതിനോട് താദാത്മ്യം പ്രാപിച്ചാണ് ജീവിച്ചതെന്ന് വാഹിദ് ശൈഖിന്‍റെ റോൾ അഭിനയിച്ച ഡോ. റിയാസ് അൻവർ പറഞ്ഞു. 180 പേർ കൊല്ലപ്പെട്ട 2006 ട്രെയിൻ സ്ഫോടനക്കേസിൽനിന്ന് കുറ്റമുക്തനാക്കപ്പെട്ടശേഷം തന്‍റെ അനുഭവങ്ങൾ 'ബേഗുനാഹ് ഖാഇദി' (നിരപരാധിയായ തടവുകാരൻ) എന്ന പേരിൽ ശൈഖ് പുസ്തകമാക്കി. ഇതിനെ ആധാരമാക്കിയാണ് സുദർശൻ ഗമാരേ സിനിമ സംവിധാനം ചെയ്തത്. 'ഹീമോലിംഫ്' കേരളത്തിൽ ആദ്യമായാണ് പ്രദർശിപ്പിക്കുന്നത്. എസ്.ഐ.ഒ സംവേദനവേദി ആർ.പി മാളിൽ സംഘടിപ്പിച്ച സിനിമ പ്രദർശനത്തിലും ചർച്ചയിലും നിരവധിപേർ പങ്കെടുത്തു. അൻവർ സലാഹുദ്ദീൻ, അഡ്വ. റഹ്മാൻ ഇരിക്കൂർ, ഇ.എം. അംജദ് അലി, വി.പി. റഷാദ് സംസാരിച്ചു.

Tags:    
News Summary - Voice of the Jailed Criminals - Abdul Wahid Shaikh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.