കോഴിക്കോട്: ഭട്ട്റോഡ് ബീച്ചിലെ കോർപറേഷന്റെ അജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടിത്തമുണ്ടായതിൽ ദുരൂഹത. കോർപറേഷൻ അധികൃതരും യു.ഡി.എഫും ബി.ജെ.പിയുമാണ് അട്ടിമറിയടക്കമുള്ള സംശയവുമായി രംഗത്തുവന്നത്. അതേസമയം, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി നൽകിയ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുത്ത് അന്വേഷണവും തുടങ്ങി.
എസ്.ഐ യു. സനീഷിന്റെ നേതൃത്വത്തിൽ പൊലീസ് തിങ്കളാഴ്ച സ്ഥലത്ത് പരിശോധന നടത്തി. പൊലീസിന്റെ ആവശ്യപ്രകാരം ഫോറൻസിക് വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ജില്ല ഓഫിസർ കെ.എം. അഷ്റഫ് അലി, ബീച്ച് സ്റ്റേഷൻ ഓഫിസർ അരുൺ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷസേനയും പരിശോധന നടത്തി. കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ സംശയകരമായതൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.
വിശദ പരിശോധന വരുംനാളിലും നടക്കും. അജൈവ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചതിനുപിന്നാലെ രണ്ടുമാസം മുമ്പ് ഇവിടത്തെ വൈദ്യുതിബന്ധം വിഛേദിച്ചിരുന്നു. അതിനാൽ തീപിടിത്ത കാരണം ഷോർട്ട് സർക്യൂട്ടാവാൻ സാധ്യതയില്ല. ജൈവമാലിന്യം അല്ലാത്തതിനാൽ വാതക രൂപവത്കരണത്തിനും സാധ്യത കുറവാണ്. ഇതോടെ ആരെങ്കിലും തീയിട്ടോ എന്നതടക്കമുള്ള സംശയമാണ് ഉയരുന്നത്. പൊതുവെ ആളൊഴിഞ്ഞ ഭാഗമാണിത്. തീപിടിത്ത സമയത്ത് ജീവനക്കാരാരും മാലിന്യകേന്ദ്രത്തിൽ ഉണ്ടായിരുന്നില്ല.
മാത്രമല്ല ഒരേസമയം പ്ലാന്റിന്റെ മുന്നിൽനിന്നും പിന്നിൽനിന്നുമെല്ലാം തീ ആളിയതടക്കമാണ് ഈ നിലക്കുള്ള സംശയങ്ങൾ ബലപ്പെടുത്തുന്നത്. തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്നും പിന്നിലാരെങ്കിലുമുണ്ടെങ്കിൽ ഉടൻ കണ്ടെത്താനുമാണ് മേയർ ഡോ. ബീന ഫിലിപ് ആവശ്യപ്പെട്ടത്. പൊലീസ് അന്വേഷണം പൂർത്തിയാകുന്നമുറക്ക് സ്ഥലത്തെ മാലിന്യം നീക്കം ചെയ്യുമെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ പറഞ്ഞു.
മൂന്നുകോടിയുടെ പുതിയ പ്ലാന്റ് നിർമിക്കാനുള്ള സ്ഥലമായതിനാൽ ഇവിടത്തെ കെട്ടിടം പൊളിച്ചുമാറ്റാനുള്ളതായിരുന്നു. മാത്രമല്ല മാലിന്യം പണം അങ്ങോട്ടുകൊടുത്താണ് കൊണ്ടുപോയിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയുണ്ടായ അഗ്നിബാധ ഒമ്പതുമണിക്കൂറിലേറെ നീണ്ട ദൗത്യത്തിനൊടുവിലായിരുന്നു അണച്ചത്.
മാലിന്യ സംഭരണ കേന്ദ്രങ്ങളുടെ സുരക്ഷ പരിശോധിക്കാൻ തദ്ദേശ വകുപ്പ്
കോഴിക്കോട്: ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും കീഴിലുള്ള മെറ്റീരിയൽ കലക്ഷൻ സെന്ററുകളും മറ്റ് മാലിന്യ പരിപാലനകേന്ദ്രങ്ങളിലും സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായി പരിശോധിക്കുന്നു. തീപിടിത്തം പോലുള്ള അത്യാഹിതങ്ങൾ സംഭവിക്കില്ലെന്ന് ഉറപ്പാക്കാനാണ് നടപടിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ പി.എസ്. ഷിനോ അറിയിച്ചു. കോർപറേഷനിലെ പൊതുനിരത്തുകളിൽനിന്നുള്ള മാലിന്യം സൂക്ഷിക്കുന്ന കേന്ദ്രത്തിന് തീപിടിച്ച സാഹചര്യത്തിലാണ് ജില്ലയിലെ മുഴുവൻ മാലിന്യ പരിപാലന കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പരിശോധന.
കെട്ടിടത്തിന്റെ ഉറപ്പ്, മാലിന്യം വേർതിരിക്കാനുള്ള സംവിധാനം, സുരക്ഷ ഉപകരണങ്ങൾ, വൈദ്യുതി പരിപാലനം, തീപിടിത്തം ഉണ്ടായാൽ സ്വീകരിക്കേണ്ട മറ്റ് മുൻകരുതൽ, അപകടം ഉണ്ടാകുവാനുള്ള സാധ്യത എന്നിവ പരിശോധിച്ചാണ് സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് തയാറാക്കുക.
പരിശോധന റിപ്പോർട്ട് സർക്കാറിലേക്ക് നൽകും. തീപിടിത്തമുണ്ടായ വെസ്റ്റ്ഹിൽ മാലിന്യകേന്ദ്രം തദ്ദേശ വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥർ സന്ദർശിച്ചു. ജോയൻറ് ഡയറക്ടർ പി.എസ്. ഷിനോവിന്റെ നേതൃത്വത്തിൽ മാലിന്യമുക്തം നവകേരളം ജില്ല കോഓഡിനേറ്റർ മണലിൽ മോഹനൻ, ഇന്റേണൽ വിജിലൻസ് ഓഫിസർ ടി. ഷാഹുൽ ഹമീദ്, ജൂനിയർ സൂപ്രണ്ട് പ്രകാശൻ എന്നിവരാണ് പരിശോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.