അരിമ്പൂർ: ദുർഗന്ധം വമിക്കുന്ന രീതിയിൽ മാസങ്ങൾ പഴക്കമുള്ള ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ച അരിമ്പൂരിലെ ചപ്പാത്തിക്കട പഞ്ചായത്ത് പൂട്ടിച്ചു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് അരിമ്പൂർ ഉഷ സ്റ്റോപ്പിന് സമീപത്തെ കടക്കെതിരെ നടപടിയെടുത്തത്. ഉടമ അരിമ്പൂർ സ്വദേശിനി ചേന്നാട്ട് രജനിക്ക് 5000 രൂപ പിഴയടക്കാൻ നോട്ടീസും നൽകി.
കടയുടെ പിൻഭാഗത്ത് വലിയ ടാങ്കിൽ വെള്ളത്തിൽ കുതിർന്ന നിലയിലാണ് കേടുവന്ന ഭക്ഷണപദാർഥങ്ങൾ സൂക്ഷിച്ചിരുന്നത്. ദുർഗന്ധവുമുണ്ടായിരുന്നു. കടയുടെ ഉൾഭാഗവും വൃത്തിഹീനമായ നിലയിലായിരുന്നുവെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു. അരിമ്പൂർ പഞ്ചായത്ത് സെക്രട്ടറി റെനി പോളിന്റെ നിർദേശ പ്രകാരമാണ് ഉദ്യോഗസ്ഥർ ചപ്പാത്തി വിൽപനക്കട അടപ്പിച്ചത്.
പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ വി.എസ്. കവിത, കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സരേഷ് ശങ്കർ, ജെ.എച്ച്.ഐമാരായ റീന, നവ്യ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അരിമ്പൂർ പഞ്ചായത്ത്, ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.
മനക്കൊടി-പുള്ള് പാതയോരത്ത് അഞ്ച് ചാക്കുകളിലാക്കി വീട്ടുമാലിന്യം കൊണ്ടു തള്ളിയ സംഭവത്തിൽ ഉത്തരവാദിയായ ഒളരി സ്വദേശിനി അശ്വതിയെ കൊണ്ട് അരിമ്പൂർ പഞ്ചായത്ത് 10,000 രൂപ പിഴയടപ്പിച്ചു. മാലിന്യം ഇവരെ കൊണ്ട് തന്നെ തിരികെയെടുപ്പിക്കുകയും ചെയ്തിരുന്നു.
തേക്കിൻകാട് മൈതാനത്ത് നടന്നിരുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ‘ദിശ’ എക്സ്പോയുടെ മാലിന്യം ഏറ്റെടുത്ത് കുന്നത്തങ്ങാടിക്ക് സമീപം സംസ്ഥാന പാതയോരത്ത് നിക്ഷേപിച്ച സ്വകാര്യ വ്യക്തിയിൽ നിന്ന് 10,000 രൂപ പിഴയടപ്പിച്ചിരുന്നു. എറവ് കൈപ്പിള്ളി അകമ്പാടം ചാലിൽ പച്ചക്കറി മാലിന്യം തള്ളിയ സംഭവത്തിൽ പ്രദേശവാസിയിൽ നിന്ന് 5,000 രൂപ ഈടാക്കി. മാലിന്യം തള്ളിയവരെ കൊണ്ട് തന്നെ തിരികെ എടുപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.