കോഴികക്കോട്: മറ്റു തടസ്സങ്ങളിലെങ്കിൽ വയനാട് തുരങ്കപാതയുടെ പ്രവർത്തനം ഈ വർഷം തുടങ്ങാനാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ആനക്കാംപൊയിൽ -കല്ലാടി- മേപ്പാടി റൂട്ടിലുള്ള തുരങ്കപാത പദ്ധതി ടെൻഡർ നടപടികളിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. വയനാട് ചുരം റോഡിൽ ആറ്, ഏഴ്, എട്ട് വളവുകളിൽ സംരക്ഷണ ഭിത്തി നവീകരിച്ച് നിർമിക്കുന്നതിന് 40.70 കോടി രൂപയുടെ പദ്ധതി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ വിശദ പദ്ധതിരേഖ തയാറാക്കിവരുന്നു.
ചുരം ഒഴികെയുള്ള ഭാഗം നാലു വരിയായി വികസിപ്പിക്കുന്നതിനുള്ള പദ്ധതി നിർദേശവും പൊതുമരാത്ത് വകുപ്പ് ഉപരിതലഗതാഗത മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. രണ്ടു ബദൽ പാതകളുടെ ചർച്ചകളും നടക്കുന്നുണ്ട്. പൂഴിത്തോട് -പടിഞ്ഞാറേത്തറ പാതയും ചിപ്പിലത്തോട് -മരുതിലാവ് -തളിപ്പുഴ ചുരം പാതയുമാണ് യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. രണ്ടു പാതയിലും വനഭൂമിയുള്ളതാണ് തടസ്സം. ഇതുസംബന്ധിച്ച് വനംമന്ത്രിയുമായി ചർച്ച നടത്തി.
കോഴിക്കോട് ജില്ലയിൽ 10.6 കിലോമീറ്ററും വയനാട്ടിൽ 18.2കിലോമീറ്ററും ഉൾപ്പെടെ 28.8 കിലോമീറ്റർ ദൂരമുള്ളതാണ് പൂഴിത്തോട് -പടിഞ്ഞാറേത്തറ പാത. നവകേരള സദസ്സിൽ ഈ പാത യാഥാർഥ്യമാക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. പൂഴിത്തോടുനിന്നുള്ള വനമേഖലയിൽ കഴിഞ്ഞ 23ന് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി. തുടർപ്രവർത്തനങ്ങൾക്കുള്ള ഇൻവെസ്റ്റിഗേഷൻ നടപടികളിലേക്ക് ഉടൻ പ്രവേശിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.