കോഴിക്കോട് കേരളത്തിെൻറ ചെറുതല്ലാത്ത ശ്രദ്ധാകേന്ദ്രമാണ്. വാസ്കോഡിഗാമ കപ്പലിറങ്ങിയ സ്ഥലം. അനേകമനേകം കലാകാരന്മാരും സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരും കലാപ്രേമികളും സഹൃദയരും വസിക്കുന്ന ഇടം. സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലം. കോവിഡ് കാലത്ത് പോലും കടൽത്തീരത്തേക്കും മിഠായി തെരുവിലേക്കും വെറുതെയൊന്ന് യാത്രപോകാൻ ആഗ്രഹിക്കാത്ത കോഴിക്കോട്ടുകാരില്ല. കുഞ്ഞുങ്ങളുമായി വന്നെത്തുന്ന അമ്മമാർ ശുചിമുറിയിലേക്ക് പോകണമെന്ന് തിരക്ക് കൂട്ടുന്ന കുഞ്ഞുങ്ങളും നിവൃത്തിയില്ലാതെ ഉടൻ പോയേ തീരൂ എന്ന സ്ഥിതിയിലുള്ള അമ്മമാരും എന്തുചെയ്യും? ഏറ്റവും അടുത്തുള്ള പൊതു ശുചിമുറിയിലേക്കോടും. ഏറ്റവും വൃത്തി ആഗ്രഹിക്കുന്ന ഇടത്തിെൻറ വൃത്തിഹീനമായ അവസ്ഥ കണ്ടു മനംമടുത്ത് മൂക്കുപൊത്തി തിരിച്ചോടും.
ആരാണ് ഉത്തരവാദികൾ?
കെ.പി. സുധീര (എഴുത്തുകാരി)
അനേക വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടായിട്ടുണ്ട്. അവിടങ്ങളിലെ ശുചിമുറികളിലെ വൃത്തിയും സുരഭിലമായ അന്തരീക്ഷവും അമ്മമാർക്ക് മുലയൂട്ടാനും കുഞ്ഞുങ്ങളുടെ നാപ്കിൻ മാറ്റാനും മറ്റുമുള്ള സൗകര്യങ്ങൾ കണ്ട് അമ്പരന്നിട്ടുണ്ട്. നമ്മുടെ നാട്ടിലെ ശുചിമുറികൾ, എന്തിന് എയർപോർട്ടിലെ ശുചിമുറികളുടെ പോലും അവസ്ഥയോർത്ത് സ്വയം സഹതാപം തോന്നുകയും ചെയ്തു. ആരോഗ്യമുള്ള കേരളത്തിനായി ധർമബോധമുള്ള ഓരോ പൗരനും പരിശ്രമിക്കണം. അത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സർക്കാറും മാത്രം ശ്രദ്ധിച്ചതുകൊണ്ട് കാര്യമില്ല.
കാര്യം കഴിഞ്ഞാൽ ഉപയോഗിക്കുന്നവർ നന്നായി വെള്ളമൊഴിച്ച് ശുചിയാക്കണം. ശുചിമുറിയെ പരിപാലിക്കാനും പൈസ പിരിക്കാനും നിയുക്തരായവർ ഇടയ്ക്കിടെ ശുചിത്വം പരിശോധിക്കണം. ആടുമാടുകളല്ല, മനുഷ്യരാണ് അടിയന്തര പ്രാഥമികാവശ്യങ്ങൾക്ക് അവിടെ വന്നെത്തുന്നത് എന്ന് എല്ലാവരും ഓർക്കണം.
സ്വന്തം വീട്ടിലെ ശൗചാലയം വൃത്തിയായി സൂക്ഷിക്കുന്ന അതേ ശുഷ്കാന്തിയോടെ സ്വന്തം നാട്ടിലെ ശൗചാലയം സൂക്ഷിക്കാൻ ഓരോ പൗരനും ബാധ്യസ്ഥനാണ്. അതുപോലെ അതത് പ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഇതിലേക്ക് ആവശ്യമുള്ള ജോലിക്കാരെ നിയുക്തമാക്കി ഉപയോഗയോഗ്യമാക്കണം. നമ്മുടെ രാഷ്ട്രപിതാവിനോടുള്ള ആദരവാണത്. ഒപ്പം നമ്മോട് തന്നെയുള്ള ആദരവും.
ആധുനിക ശുചിമുറികൾ എല്ലാ തിരക്കേറിയ ഇടങ്ങളിലും സ്ഥാപിക്കണം
വി. ഹസീബ് അഹമ്മദ് (മലബാർ ചേംബർ പ്രസിഡൻറ്)
ശുചിമുറികളുടെ ആശയവും ആവിഷ്കാരവും യുവജനതയുടെ മനസ്സിണങ്ങുന്ന തരത്തിൽ ആവശ്യമായയിടങ്ങളിലെല്ലാം സ്ഥാപിക്കപ്പെടണം. മുഖ്യമന്ത്രിയും സർക്കാറും ഹൈവേകളിൽ സ്ഥാപിക്കാനുദ്ദേശിച്ച 'ടേക് എ ബ്രേക്' എന്നുള്ള ആശയം യുവജനത തീർച്ചയായും അംഗീകരിക്കും. മുൻഭാഗത്തായി ആധുനികരീതിയിലുള്ള കഫറ്റീരിയയും അതോടനുബന്ധിച്ച് ഏറ്റവും നവീനമായ ശുചിമുറികൂടി ഒരുക്കുക എന്നുള്ളതാണ് ഈ ആശയം. ഇത്തരത്തിലാവുമ്പോൾ ഇപ്പോൾ കാണപ്പെടുന്ന ശുചിമുറികളിൽനിന്ന് വ്യത്യസ്തമായിരിക്കും. കൂടാതെ ഇവയുടെ പരിപാലനച്ചുമതലയും ഈ കഫറ്റീരിയയുടെ നടത്തിപ്പുകാരനായത് കൊണ്ട് ഇത് വൃത്തിയായി സംരക്ഷിക്കപ്പെടുകയും ചെയ്യും. ഇത്തരത്തിൽ 101 എണ്ണം കേരളത്തിൽ സ്ഥാപിക്കപ്പെടുന്നതിൽ രണ്ട് എണ്ണം കോഴിക്കോട് സ്ഥാപിക്കപ്പെടും എന്നാണറിയുന്നത്. കോഴിക്കോട് പോലെ നഗരത്തിൽ രണ്ട് എണ്ണം എന്നുള്ളത് വളരെ കുറവാണ്. ഇത്തരത്തിൽ ആധുനിക ശുചിമുറികൾ എല്ലാ പ്രധാന ഇടങ്ങളിലും (പാളയം, എസ്.എം സ്ട്രീറ്റ്, വലിയങ്ങാടി, മത്സ്യമാർക്കറ്റ്) ആവശ്യാനുസരണം സ്ഥാപിക്കപ്പെടണം.
സ്ഥലം ലഭ്യമാക്കിയാൽ വ്യാപാരികൾ ശുചിമുറികൾ നിർമിച്ചുനൽകാൻ മുന്നോട്ടുവരും
സുബൈർ കൊളക്കാടൻ (പ്രസിഡൻറ്, കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി)
നഗരത്തിൽ ഏറ്റവും അത്യാവശ്യമായ ശുചിമുറികൾ (മനുഷ്യന് ഉപയോഗിക്കാൻ പറ്റിയത്) ഇല്ലെന്നത് വലിയ പരാതിയാണ്. ഇതിന് സ്ഥലം ലഭ്യമാക്കിയാൽ വ്യാപാരികൾ ശുചിമുറികൾ നിർമിച്ചുനൽകാൻ മുന്നോട്ടുവരും. പരിപാലനം വളരെ അത്യാവശ്യമായതിനാൽ നഗരസഭ അതിന് സ്വകാര്യ പങ്കാളിത്തത്തോടെ സംവിധാനം ഒരുക്കണം.യു.എൽ.സി.സി പോലുള്ള സ്വകാര്യ ഏജൻസികളെ ഏൽപിക്കണം. മറ്റെന്ത് പദ്ധതികളേക്കാളും സർക്കാർ പരിഗണന നൽകേണ്ടത് ശുചിത്വത്തിനും ശുചിമുറികൾക്കുമാണ്. കോഴിക്കോടിെൻറ ശുചിത്വം ഞെളിയൻപറമ്പ് എന്ന അവസാനവാക്കിൽ ചെന്ന് നിൽക്കുകയാണ്. പൊതുജനങ്ങൾക്ക് അവരുടെ നിത്യജീവിതത്തിൽ മാലിന്യ നിർമാർജനത്തിന് ഒരു സംവിധാനവും ഇല്ല. അത് ഖരമാലിന്യമായാലും പ്ലാസ്റ്റിക് മാലിന്യമായാലും.കുടുംബശ്രീയുടെയും മറ്റും പല പരീക്ഷണങ്ങളും കോർപറേഷൻ നടത്തിനോക്കിയെങ്കിലും അതൊന്നും വിജയിച്ചില്ല എന്നതാണ് സത്യം. കോഴിക്കോട് നഗരസഭ ഉദ്യോഗസ്ഥർക്ക് ഈ സംവിധാനങ്ങൾ സുഗമമായി നടത്തിക്കൊണ്ടുപോകുന്നതിനുള്ള ഇച്ഛാശക്തിയോ പ്രായോഗിക പരിശീലനമോ ഇല്ല എന്നത് വസ്തുതയാണ്.
നമ്മുടെ അയൽസംസ്ഥാനമായ ചെന്നൈയും കർണാടകയും ഈ കാര്യത്തിൽ വളരെ മുന്നോട്ടുപോയി. മുമ്പൊക്കെ ചെന്നൈയിൽ പോകുന്ന ആർക്കും താഴോട്ടുനോക്കാതെ നടക്കാൻ പറ്റില്ലായിരുന്നു. ഇന്ന് അവിടെ റോഡിലൂടെ നടക്കുമ്പോൾ ഒരു സിഗരറ്റ് കുറ്റി പോലും കാണാൻ കഴിയില്ല. ബംഗളൂരും മൈസൂരുവും സേലവും എല്ലാം ഇതുതന്നെയാണ് അവസ്ഥ. എന്തിനേറെ പറയുന്നു സാമ്പത്തിക പരിമിതിയുള്ള കൊളംബോ നഗരത്തിൽ എത്രയോ കാലമായി എപ്പോഴാണ് മാലിന്യം നിർമാർജനം ചെയ്യുന്നത് എന്നുപോലും നമുക്കറിയില്ല. രാത്രി മാലിന്യങ്ങൾ നീക്കാനും റോഡ് വൃത്തിയാക്കാനും ഉള്ള സംവിധാനങ്ങൾ ഇവിടെയും പ്രാവർത്തികമാക്കാവുന്നതാണ്. മഴ പെയ്താൽ പോലും റോഡിൽ വെള്ളമോ ചളിയോ കാണാൻ കഴിയില്ല. അത്ര മനോഹരമായാണ് അവർ അത് സംരക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് കോർപറേഷൻ 'എെൻറ മാലിന്യം എെൻറ ഉത്തരവാദിത്തം' എന്ന മുദ്രാവാക്യത്തിലൂന്നി മാലിന്യ സംസ്കരണത്തെപ്പറ്റി വിവിധ സംഘടനകളെ ചേർത്തുനിർത്തി ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. പൊതുജനങ്ങളെയും കച്ചവട സ്ഥാപനങ്ങളെയും ജീവനക്കാരെയും ബോധവത്കരിക്കുന്നതിന് ഇത്തരം പരിപാടികൾ ഉപകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.