കോഴിക്കോട്: വിജനമാണ് നഗരം. പൊലീസ് അങ്ങിങ്ങ് വാഹന പരിശോധന നടത്തുന്നുണ്ട്. അധികമാരുമില്ലാത്ത നഗരത്തിലെ ബസ്സ്റ്റോപ്പുകളിലും പീടികക്കോലായകളിലും പേക്ഷ അവർ ആരെയോ കാത്തിരിക്കുകയാണ്. മുഷിഞ്ഞ വസ്ത്രമാണ് പലരുടേതും. ഭിക്ഷക്കാരല്ല, തെരുവിൽ കഴിയുന്നവർ എന്ന് അവരെ വിളിക്കാനുമാവില്ല. ഈ നഗരത്തിൽ എന്തെങ്കിലുമൊക്കെ പണിയെടുത്ത് സ്വന്തമായി കണ്ടെത്തിയ സ്വകാര്യ ഇടങ്ങളിൽ അന്തിയുറങ്ങുന്നവർ. വിശപ്പിെൻറ വിളിയാളമുള്ള മുഖവുമായി മാവൂർ റോഡിലെ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ലോക്ഡൗൺ കാലത്തെ എല്ലാ വൈകുന്നേരങ്ങളിലും തമ്പടിക്കുകയാണ്.
വൈകുന്നേരം ആറിന് കോട്ടൂളിയിൽനിന്ന് ഭക്ഷണപ്പൊതികളുമായി ഒരുകൂട്ടം യുവാക്കൾ ബസ്സ്റ്റാൻഡിലെത്തും. അപ്പോഴേക്കും ആ വാഹനത്തിന് മുന്നിൽ ഈ മനുഷ്യർ ആർത്തിയോടെ നീണ്ട നിരയായി മാറും.
20 ദിവസമായി ഇവിടത്തെ പതിവ് കാഴ്ചയാണിത്. ലോക്ഡൗൺ തുടങ്ങിയത് മുതൽ ഇത്തരം ആളുകൾക്ക് ഭക്ഷണവുമായി വരുന്നത് യുവധാര കോട്ടൂളി എന്ന സാമൂഹിക സംഘടനയാണ്. നഗരത്തിനടുത്ത കോട്ടൂളിയിലെ 180ഓളം വീടുകളിൽനിന്നാണ് ഇവർക്ക് ഭക്ഷണപ്പൊതികൾ ശേഖരിക്കുന്നത്. ഇതിനായി നാല് വാട്സ്ആപ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. എല്ലാ ദിവസവും വീട്ടുകാരുടെ വക ഭക്ഷണം പൊതിയാക്കി വെക്കും. വൈകുന്നേരം നാലു മണിയാവുേമ്പാഴേക്കും 40ഓളം വളൻറിയർമാർ ഇത് ശേഖരിക്കും. ഓരോ പൊതിയിലും വ്യത്യസ്തമായ ഭക്ഷണമായിരിക്കും. ചോറോ ചപ്പാത്തിയോ ബിരിയാണിയോ ഒക്കെയാവും. വീട്ടിലെ വിശേഷ സന്ദർഭങ്ങളിൽ അതിനനുസരിച്ച ഭക്ഷണമുണ്ടാവും. ബാക്കിയാവുന്ന ഭക്ഷണമല്ല, നേരിൽ കാണാത്ത മനുഷ്യർക്കായി ഓരോ വീട്ടുകാരും മനമറിഞ്ഞു നൽകുന്ന സ്നേഹപ്പൊതി. അത് ലഭിക്കുന്നതാവട്ടെ ഏറ്റവും അർഹരായ മനുഷ്യർക്കും. ഇതു ലഭിക്കുന്ന പലർക്കും ദിവസം ഒരു നേരമേ കാര്യമായി ഭക്ഷണം കിട്ടുന്നുള്ളൂ. ഭക്ഷണപ്പൊതികൾ കിട്ടിയ ഉടൻ അത് തുറന്ന് കഴിക്കുന്ന അവരുടെ അവസ്ഥ അതാണ് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ഇവർക്ക് ഭക്ഷണത്തോടൊപ്പം അലക്കിത്തേച്ച വസ്ത്രങ്ങളും വിതരണം ചെയ്തു. ഭക്ഷണം നൽകുന്ന വീട്ടുകാർ അധികം ഉപയോഗിക്കാത്ത പുതിയതിന് സമാനമായ വസ്ത്രങ്ങൾ അലക്കിത്തേച്ചാണ് ഭക്ഷണത്തോടൊപ്പം നൽകിയത്. ഇത് വിതരണം ചെയ്യുന്നതിന് മുമ്പ് യുവധാര കോട്ടൂളിയുടെ ഭാരവാഹികൾ അവരോടായി പറഞ്ഞു. കുറെ ദിവസമായി ഞങ്ങൾ നിങ്ങളെ കാണുന്നു. എല്ലാ ദിവസവും ഒരേ വസ്ത്രമണിഞ്ഞാണ് നിങ്ങൾ ഭക്ഷണം വാങ്ങാനെത്തുന്നത്. അതുെകാണ്ടാണ് ഈ വസ്ത്രം തരുന്നത്. മുഷിഞ്ഞ വസ്ത്രത്തിന് പകരം ഇനി ഇത് ധരിച്ചുവരണം. ശനിയാഴ്ചയാണ് ഇത് പറഞ്ഞ് വസ്ത്രം നൽകിയത്. ഞായറാഴ്ച അവർ ഭക്ഷണം വാങ്ങാനെത്തിയത് ഇസ്തിരിയിട്ട പുതിയ വസ്ത്രമണിഞ്ഞായിരുന്നു.
യുവധാരയുടെ സെക്രട്ടറി കെ.വി. പ്രമോദ്, കെ. അതുൽ, എ.വി. അശോകൻ, എ. പ്രജിത്ത്, എം.ജെ. സുജോ, എ.കെ. പ്രശാന്ത്, കെ. വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മാനവസ്നേഹത്തിെൻറ ഇൗ ഇടപെടൽ. ലോക്ഡൗൺ തീരും വരെ ഇതു തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.