പയ്യോളി: തിക്കോടിയിൽ തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ച് മോഷ്ടാവ് 12 പവൻ കവർന്നു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മോഷ്ടാവിെൻറ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്കേറ്റു.
തിക്കോടി ടൗണിൽനിന്ന് പഴയ തിയറ്റര്‍ റോഡില്‍ അരീക്കര വയല്‍കുനി ‘പൗര്‍ണമി’യില്‍ പരേതനായ റിട്ട. ബാബ ആറ്റോമിക് റിസർച് സെൻറര്‍ ഉദ്യോഗസ്ഥന് കുഞ്ഞിരാമെൻറ ഭാര്യ ചന്ദ്രികയുടെ (70) സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ചന്ദ്രിക അണിഞ്ഞ ഒരു പവന് വീതമുള്ള നാല് വളകളും രണ്ട് പവെൻറ വളയും ആറ് പവെൻറ താലിമാലയുമാണ് കവര്‍ന്നത്.
വിളികേട്ട് വാതില്‍ തുറന്ന ഉടൻ മോഷ്ടാവ് ഇവരെ തള്ളിയിടുകയായിരുന്നു. പിന്നീട് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയാണ് ആഭരണങ്ങള്‍ അഴിച്ചെടുത്തത്. മൽപിടിത്തത്തിനിടെ ചന്ദ്രികയുടെ കണ്ണിനും നാവിനും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ആഭരണങ്ങൾ കവർന്നയുടന്‍ മോഷ്ടാവ് സ്ഥലംവിട്ടു. അബോധാവസ്ഥയിലായ ചന്ദ്രികക്ക് രാത്രി ഏറെ വൈകിയാണ് ബോധം തിരിച്ചുകിട്ടിയത്. പരിസരവാസികളെ വിളിച്ചെങ്കിലും ആർക്കും കേൾക്കാൻ കഴിഞ്ഞില്ല.
നേരം വെളുത്തപ്പോഴാണ് അയല്‍വാസികളും ബന്ധുക്കളും വിവരം അറിയുന്നത്. ഇവരെ ആക്രമിച്ച ശേഷം വീടിനകത്തും പരിസരത്തും ടാല്‍ക്കം പൗഡർ വിതറിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. കൈയുറ ധരിച്ച മോഷ്ടാവിന് 30 വയസ്സ് തോന്നിക്കുമെന്ന് ചന്ദ്രിക പറഞ്ഞു.
മകന് അജയ് ബംഗളൂരുവിൽ എൻജിനീയറാണ്. മറ്റൊരു മകൻ അജിത് കുമാർ പത്ത് വർഷം മുമ്പ് മരിച്ചു. സ്ഥലത്തെത്തിയ ‘ജംഗോ’ പൊലീസ് നായ വീടിന് ചുറ്റും നടന്ന ശേഷം പുറക്കാട് കള്ള് ഷാപ്പ് പരിസരവും കഴിഞ്ഞ് ഓടിയിട്ടുണ്ട്. റൂറല്‍ എസ്.പി. ഡോ. ശ്രീനിവാസ്, ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം, മേപ്പയൂര്‍ സി.ഐ. അനൂപ്, പയ്യോളി എസ്.ഐ പി.എസ്. സുനില്‍കുമാര്‍, പി. രമേശന് എന്നിവര്‍ അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.