കോഴിക്കോട്: മെഡിക്കൽ കോളജ് പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗത്തിൽ അത്യാവശ്യമായ എക്സ്റെ യൂനിറ്റ് പണിമുടക്കിയിട്ട് ഒരു മാസം. സൂപ്പർ സ്പെഷാലിറ്റി എന്നാണ് പേരെങ്കിലും അപകടത്തിലും അത്യാഹിതത്തിലും പെട്ട് എത്തുന്ന രോഗികൾക്ക് എക്സ്റെ എടുക്കണമെങ്കിൽ നട്ടം തിരിയണം.
മെഡിക്കൽ കോളജ് ജനറൽ ആശുപത്രിയിലെത്തി എക്സ്റെ എടുത്ത് മടങ്ങിയെത്തുമ്പോഴേക്കും രോഗികൾക്ക് ചികിത്സ മണിക്കൂറുകളോളം വൈകും. പഴയ കാഷ്വാലിറ്റിൽ രണ്ട് എക്സ്റെ യൂനിറ്റുകൾ ഉണ്ടായിരുന്നതിനാൽ ഒരു യന്ത്രം പ്രവർത്തനരഹിതമായാലും രോഗികൾ ദുരിതത്തിലകപ്പെട്ടിരുന്നില്ല.
പുതിയ ബ്ലോക്കിൽ രണ്ടാമത്തെ യൂനിറ്റ് തുറക്കാൻ വൈകുന്നതും പ്രതിസന്ധിക്കിടയാക്കുന്നു. ആശുപത്രി അധികൃതർ പരാതിപ്പെട്ടിട്ടും എക്സ്റെ സ്ഥാപിച്ച കമ്പനി അധികൃതർ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. ആശുപത്രിയുടെ ആവശ്യകത പരിഗണിക്കാതെ കെട്ടിടത്തിന്റെ നിർമാണച്ചുമതല ഏറ്റെടുത്ത കമ്പനിയുടെ താൽപര്യത്തിന് അനുസരിച്ച് മെഷീൻ തിരഞ്ഞെടുത്ത് സ്ഥാപിച്ചതാണ് ദുരിതത്തിന് കാരണം.
ഒരുദിവസം 700ലധികം എക്സ്റെ എടുക്കേണ്ടിവരുന്ന കാഷ്വാലിറ്റിയിലേക്ക് യോജിച്ചതല്ല മെഷീൻ എന്ന് സംഘം മെഡിക്കൽ കോളജ് സംഘം ചൂണ്ടിക്കാട്ടിയിരുന്നു. ഡൽഹി ആസ്ഥാനമായ ജി.എം.ഇ കമ്പനിയുടെ മെഷീനാണ് ഇവിടെ സ്ഥാപിച്ചത്. കമ്പനിക്ക് കേരളത്തിൽ സർവിസ് വിദഗ്ധരില്ല.
കമ്പനി നേരത്തെ കെ.എം.എസ്.സി.എൽ വഴി സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ വിതരണം ചെയ്ത ഉപകരണങ്ങൾക്കൊന്നും കൃത്യമായ സർവിസ് ലഭിക്കുന്നില്ലെന്നതും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചിരുന്നു. ഇത് പരിഗണിക്കാതെയാണ് എക്സ്റെ മെഷീൻ മെഡിക്കൽ കോളജിൽ അടിച്ചേൽപിച്ചത്. സൂപ്പർ സ്പെഷാലിറ്റി ആശുപത്രി പ്രവർത്തനം ആരംഭിച്ച് ദിവസത്തിനകംതന്നെ എക്സ്റെ യൂനിറ്റ് പ്രവർത്തനരഹിതമായിരുന്നു. പിന്നീട് നിരവധി തവണ പണിമുടക്കി.
ഒരുതവണ പണിമുടക്കിയാൽ ഡൽഹിയിൽനിന്ന് കമ്പനി ജീവനക്കാരെത്തി പ്രശ്നം പരിഹരിക്കുമ്പോഴേക്ക് ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും പിന്നിടും. രണ്ടോ മൂന്നോ ആഴ്ച കഴിയുമ്പോഴേക്കും വീണ്ടും പണി മുടക്കും എന്നതാണ് അവസ്ഥ.
എക്സ്റെയുടെ രണ്ടാമത്തെ യൂനിറ്റ് പ്രവർത്തിപ്പിച്ചാൽ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാവും. രണ്ടാമത്തെ യൂനിറ്റിനുള്ള അത്യാധുനിക മെഷീൻ മാസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെങ്കിലും അത് ലിഫ്റ്റ് ലോബിയിൽ പെട്ടി പൊളിക്കാതെ വിശ്രമിക്കുകയാണ്. യൂനിറ്റ് -2 തുറക്കാനായി റൂമിൽ വൈദ്യുതീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടു. എന്നാൽ, ഇത് എങ്ങുമെത്തിയിട്ടില്ല. മെഷീൻ സ്ഥാപിച്ചാൽ തന്നെ ട്രയൽ കഴിഞ്ഞ് അനുമതി ലഭിക്കണമെങ്കിൽ മാസങ്ങൾ കാത്തിരിക്കേണ്ടിവരും. ഇത് സാധാരണക്കാരായ രോഗികളെയാണ് പ്രയാസത്തിലാക്കുക. ഡിജിറ്റൽ റേഡിയോഗ്രഫിക് സംവിധാനവും കൂടുതൽ പ്രവർത്തനക്ഷമവുമായ മെഷീനാണ് രണ്ടാമത്തെ യൂനിറ്റിലേക്കായി മെഡിക്കൽ കോളജിൽ എത്തിച്ചിരിക്കുന്നത്. ഇത് സ്ഥാപിക്കുന്നതോടെ എക്സറെ എടുക്കുന്നതിന് വേഗം കൂടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.