പോരാട്ടചരിത്രത്തിന്‍റെ വേരുതേടി വാരിയൻകുന്നന്‍റെ പിന്മുറക്കാർ ഏറനാട്ടിൽ

മലപ്പുറം: ബ്രിട്ടീഷ് വിരുദ്ധ പോരാട്ട ചരിത്രത്തിന്‍റെ വേരുകൾ തേടി 1921ലെ മലബാർ വിപ്ലവനായകൻ വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ് ഹാജിയുടെ പിന്മുറക്കാർ ഏറനാട്ടിലെത്തി. കുഞ്ഞഹമ്മദ് ഹാജിയുടെ മകൻ വീരാവുണ്ണിയുടെ പേരക്കുട്ടി കുഞ്ഞാമിനയുടെ നേതൃത്വത്തിലാണ് മുപ്പതോളം പേരടങ്ങുന്ന സംഘം കോയമ്പത്തൂരിൽനിന്ന്​ മലപ്പുറത്തെത്തിയത്. കുഞ്ഞാമിനയുടെ മക്കളായ ഹംസ, മുസ്തഫ, സഹോദരിയുടെ മക്കളായ അഷറഫ്, നാസർ എന്നിവരും സഹോദരങ്ങളായ ശംസുദ്ദീൻ, താജുദ്ദീൻ, സിദ്ദീഖ് തുടങ്ങിയവരും കുടുംബാംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. മാസങ്ങൾക്കുമുമ്പ്​ വീരാവുണ്ണിയുടെ മറ്റൊരു പേരമകൾ ഹാജറയും കുടുംബവും ഏറനാട് സന്ദർശിച്ചിരുന്നു. വിദ്യാർഥികൾ ഉൾപ്പെടെ ശേഷിക്കുന്നവരാണ് എഴുത്തുകാരനായ ജാഫർ ഈരാറ്റുപേട്ടയുടെ സഹായത്താൽ സന്ദർശനം നടത്തിയത്. വാരിയൻകുന്നന്‍റെയും മാളു ഹജ്ജുമ്മയുടെയും ഭവനങ്ങൾ, നെല്ലിക്കുത്ത് കാരാക്കുറിശ്ശി പാലം, കുഞ്ഞഹമ്മദ്ഹാജിയെ വെടിവെച്ചുകൊന്ന കോട്ടക്കുന്ന് തുടങ്ങി പോരാട്ടത്തിന്‍റെ ഓർമകൾ നിലനിൽക്കുന്ന സ്ഥലങ്ങളും വാരിയംകുന്നന്‍റെ ചക്കിപ്പറമ്പത്ത് കുടുംബാംഗങ്ങളെയും സംഘം സന്ദർശിച്ചു. കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ചു കൊന്നശേഷം ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തിന്‍റെ 11 വയസ്സുകാരനായ മകൻ വീരാവുണ്ണിയെ പിടികൂടി ബെല്ലാരി ജയിലിലടക്കുകയായിരുന്നു. ശിക്ഷ കഴിഞ്ഞ് പിൽക്കാലത്ത് കോയമ്പത്തൂരിലെത്തിയ വീരാവുണ്ണി വിവാഹം കഴിഞ്ഞ്​ കോയമ്പത്തൂരിലെ ഉക്കടയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. ഈ കുടുംബം ആദ്യമായാണ് ഏറനാട്ടിലെത്തുന്നത്. സി.പി. ഇബ്രാഹിം, സി.പി. സലീം, സി.പി. മുഹമ്മദ് കൊണ്ടോട്ടി, പി.പി.എം. നൗഷാദ്, ഹുസൈൻ, ബാപ്പുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ്​ സംഘത്തെ സ്വീകരിച്ചത്​. mpgma1 വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബാംഗങ്ങൾ കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ചുകൊന്ന മലപ്പുറം കോട്ടക്കുന്ന് സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.