മലപ്പുറം: എസ്.എം.എ രോഗം ബാധിച്ച ഷാമിൽമോന്റെ ജീവൻ തിരിച്ചുകിട്ടാൻ നാട് ഒരുമിച്ചു, ചികിത്സക്കുള്ള മൂന്ന് കോടി രൂപ സമാഹരിക്കാൻ എടുത്തത് 33 ദിവസം മാത്രം. മുതുവല്ലൂർ മുതുപറമ്പ് പാമ്പോടൻ സൈനുദ്ദീന്റെ മകൻ മുഹമ്മദ് ഷാമിൽ എന്ന 14 കാരന് എസ്.എം.എ എന്ന അപൂർവ രോഗം ബാധിച്ച് എല്ലുകൾക്ക് ബലക്ഷയം വന്ന സ്വന്തമായി ഒന്നിനും കഴിയാത്ത അവസ്ഥയാണ്.
വർഷങ്ങളായിട്ട് തിരുവനന്തപുരം എസ്.എ.ടി മെഡിക്കൽ കോളജിലെ ഡോക്ടറുടെ ചികിത്സയിലാണ്. വിദേശത്തുനിന്ന് വരുത്തുന്ന ഉയർന്ന വിലയുള്ള മരുന്ന് എത്തിച്ചു കൊടുത്തെങ്കിലേ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ പറ്റൂ. ചുരുങ്ങിയത് നാല് വർഷമെങ്കിലും തുടർച്ചയായി മരുന്ന് നൽകണം. മരുന്നിന്റെ വിലയായി നൽകേണ്ട മൂന്ന് കോടി രൂപക്കാണ് പൊതുജനങ്ങളിൽനിന്ന് ധനസമാഹരണം ആരംഭിച്ചത്. ടി.വി. ഇബ്രാഹിം എം.എൽ.എ ചെയർമാനായ ജനകീയ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
ചാരിറ്റി പ്രവർത്തകനായ അഡ്വ. ഷമീർ കുന്ദമംഗലത്തിന്റെ നേതൃത്വത്തിൽ മുണ്ടക്കുളത്ത് ജനകീയ കമ്മിറ്റി ഓഫിസ് തുറന്ന് പ്രവർത്തനം സജീവമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം വഴി നാടും നഗരവും ദൗത്യത്തെ ചേർത്തുപിടിച്ചു. 33 ദിവസം കൊണ്ടാണ് മൂന്ന് കോടി രൂപ സ്വരൂപിക്കാനായതെന്ന് ജനകീയ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇനി നടക്കാനുള്ളത് മുതുപറമ്പ് സാൻറോസ് ക്ലബിന്റെ ലക്കി ഡ്രോ നറുക്കെടുപ്പ് കൂപ്പൺ കലക്ഷനും സി.സി.എം മുണ്ടക്കുളത്തിന്റെ ഫുട്ബാൾ മേളയും മാത്രമാണ്. ഇതല്ലാതെയുള്ള ഫണ്ട് സമാഹരണം നിർത്തിവെച്ചതായി ജനകീയ കമ്മിറ്റി ചെയർമാൻ ടി.വി. ഇബ്രാഹിം എം.എൽ.എ, ആക്ടിങ് ചെയർമാൻ ടി. അബ്ദുൽ അസീസ്, ജനറൽ കൺവീനർ ടി. മുഹമ്മദലി, ട്രഷറർ എം.പി. അബ്ദുൽ അസീസ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.