മലപ്പുറം: മോട്ടോർ വാഹന വകുപ്പ് നേതൃത്വത്തിൽ പരിശീലന ക്ലാസ് നൽകാനുള്ള പദ്ധതിക്ക് സ്വകാര്യബസ് ജീവനക്കാരിൽനിന്ന് തണുത്ത പ്രതികരണം. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം ജില്ലയിൽ ആരംഭിക്കുന്ന നിയമ ബോധവത്കരണ പരിപാടിയോടാണ് ബസ് ജീവനക്കാർ വിമുഖത കാണിക്കുന്നത്.
ഒരാഴ്ച മുമ്പ് ഇതിനായി മോട്ടോർ വാഹന വകുപ്പ് രജിസ്ട്രേഷൻ ആരംഭിച്ചെങ്കിലും 250ൽ താഴെ ജീവനക്കാർ മാത്രമാണ് പേർ നൽകിയത്. വളരെ ലളിതമായി ക്യു.ആർ. കോഡ് ഉപയോഗിച്ചാണ് ബസ് ജീവനക്കാർക്ക് രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. പരിശീലനത്തിനു മുന്നോടിയായ വിവരശേഖരണമാണ് രജിസ്ട്രേഷന്റെ ഭാഗമായി നടത്തുന്നത്. മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ബസ് സ്റ്റാൻഡുകളിലും ക്യു.ആർ കോഡ് പ്രദർശിപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ ഉപയോഗിച്ച് ക്യു.ആർ കോഡ് സ്കാൻ ചെയ്ത് രജിസ്ട്രേഷൻ ചെയ്യുന്ന ജീവനക്കാരുടെ പേരും ഫോൺ നമ്പറും ഉൾപ്പെടെ വിവരങ്ങൾ നൽകണം. ഇത് അപ്പോൾതന്നെ ഓഫിസിൽ ലഭിക്കും.
തുടർന്ന് ബസിലെ ജീവനക്കാരായ കണ്ടക്ടർ, ഡ്രൈവർ, ക്ലീനർ (ഡോർ ചെക്കർ) എന്നിവർക്ക് വിവിധ കേന്ദ്രങ്ങളിൽ പരിശീലനം നൽകുമെന്ന് അധികൃതർ പറയുന്നു. ഒരു മാസം കൊണ്ട് പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകാനാണ് തീരുമാനം. സ്റ്റേജ് കാരിയർ വാഹനങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളെകുറിച്ചാണ് നിയമവിദഗ്ധരുടെ സഹായത്തോടെ പരിശീലനം നൽകുന്നത്. ജില്ലയിൽ 1400ഓളം സ്വകാര്യബസുകൾ സർവിസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.