മലപ്പുറം: ജില്ലയിലെ 72.5 ശതമാനം പൊതുമരാമത്ത് റോഡുകൾ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പിന് കീഴിൽ ജില്ലയിൽ 2375 കിലോമീറ്റർ റോഡുകളാണുള്ളത്. അതിൽ 1722 കിലോമീറ്റർ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിക്കാനായി. ഇതിന് ചെലവ് കൂടുതലാണെങ്കിലും ദീർഘകാലം നിലനിൽക്കുമെന്നും ഇതിന് ഉദാഹരണമാണ് ജില്ലയിലെ വിവിധ റോഡുകളെന്നും മന്ത്രി കൂട്ടിച്ചേർത്തു. റോഡുകളുടെ നിർമാണത്തിന് തുക ചെലവഴിക്കുന്നതിൽ സുതാര്യത ഉറപ്പുവരുത്തുകയാണ് സർക്കാർ നയം.
അതിനാണ് നിർമാണം പൂർത്തിയായ റോഡുകൾക്ക് സമീപം ചെലവഴിച്ച തുക, പരിപാലന കാലാവധി, കരാറുകാരന്റെ പേര് തുടങ്ങിയ ബോർഡുകൾ സ്ഥാപിക്കുന്നത്. ജില്ലയിലെ 2375 കിലോമീറ്റർ റോഡിൽ 2203 റോഡുകളും റണ്ണിങ് കോൺട്രാക്ട് വഴി നവീകരിച്ചതാണ്. അതായത്, 93 ശതമാനം. 145 കിലോമീറ്റർ റോഡുകളിൽ റണ്ണിങ് കോൺട്രാക്ട് പ്രവർത്തിക്കാൻ 6.55 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഇത് വലിയ രീതിയിൽ പരിപാലന നടപടികൾ വേഗത്തിലാക്കാൻ സഹായകരമാക്കി.
സർക്കാർ റെസ്റ്റ് ഹൗസിൽ ഓൺലൈൻ ബുക്കിങ് രീതിയിലേക്ക് മാറ്റിയതോടെ ഒന്നര വർഷംകൊണ്ട് 8.81 കോടി രൂപയുടെ വരുമാനമാണ് സർക്കാറിന് നേടാനായതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതിൽ ജില്ലയിലെ 18 റെസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്തിയത് 10,831 ആളുകളാണ്. 56,99,968 രൂപയാണ് ജില്ലയിൽ നിന്ന് മാത്രം ലഭിച്ചത്.
മലബാറിലെ ടൂറിസത്തിന് കരുത്ത് പകരാൻ മെച്ചപ്പെട്ട താമസ സൗകര്യവും റോഡ് സൗകര്യവും ഉറപ്പുവരുത്താൻ നടപടികൾ പുരോഗമിക്കുന്നുണ്ട്. ഇതിന് കക്ഷി രാഷ്ട്രീയ ദേദമന്യേ നല്ല സഹകരണം ലഭിക്കുന്നുണ്ട്.ജില്ലയിലെ ടൂറിസം മെച്ചപ്പെടുത്താൻ പ്രത്യേക യോഗം ആഗസ്റ്റ് മാസത്തിൽ ചേരും. ആദ്യം ടൂറിസം വകുപ്പിന്റെ യോഗവും തുടർന്ന് ജനപ്രതിനിധികളുടെ യോഗവുമാണ് ചേരുക. ശേഷം കർമ പദ്ധതികൾ തയാറാക്കി നടപ്പാക്കും. നിലവിൽ ടൂറിസം സാധ്യതകളുള്ള സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബീച്ച് ടൂറിസം വികസിപ്പിക്കാനായി ഫ്ലോട്ടിങ് ബ്രിഡ്ജ് അടക്കമുള്ളവ സ്ഥാപിക്കുന്നുണ്ട്. ഇത് കൂടുതൽ വിനോദ സഞ്ചാരികളെ മലബാർ മേഖലയെ ആകർഷിക്കാൻ കാരണമാകും. മേൽപാലങ്ങളുടെ താഴ്ഭാഗത്ത് ഷട്ടിൽ കോർട്ട്, ടർഫ് ഗ്രൗണ്ട് തുടങ്ങിയവ സ്ഥാപിക്കാനുള്ള പദ്ധതി സർക്കാറിന്റെ മുന്നിലുണ്ട്. സംസ്ഥാനത്ത് എറണാകുളം, കൊല്ലം ജില്ലയിൽ രണ്ട് പൈലറ്റ് പദ്ധതികൾ നടപ്പാക്കും. ജില്ലയിലും ഈ സാധ്യത ഉപയോഗപ്പെടുത്തും. ട്രക്കിങ് സാധ്യതയുള്ള മലയോര മേഖലകളിൽ ടൂറിസത്തിനായി പ്രത്യേകം പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
എൻ.എച്ച് 66ന്റെ സ്ഥലമേറ്റെടുപ്പിന് 25 ശതമാനം തുക സംസ്ഥാന സർക്കാറാണ് ചെലവഴിച്ചത്. ദേശീയപാത നവീകരണത്തിന് സംസ്ഥാന സർക്കാർ നല്ലരീതിയിലാണ് സഹകരിക്കുന്നതെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽതന്നെ അറിയിച്ചിട്ടുണ്ട്. ജില്ലയിൽ മാത്രം 300 കോടിയിലേറെ രൂപയാണ് സ്ഥലമേറ്റെടുക്കുന്നതിനായി സർക്കാർ ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു. റോഡ് പണി പൂർത്തിയാക്കിയ ശേഷം വീണ്ടും വെട്ടിപ്പൊളിക്കുന്ന രീതി ഇനി ഉണ്ടാകില്ല. നിർമാണത്തിനു മുമ്പ് വിവിധ വകുപ്പുകളുമായി കൂടിയാലോചന നടത്തും. ഇതിനായി പ്രത്യേക പോർട്ടൽ സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.