അങ്ങാടിപ്പുറം: മലപ്പുറം ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ കർശന നിയന്ത്രണങ്ങളോടെ ലോക്ഡൗണിന് ശേഷം ഭക്തർക്ക് പ്രവേശനം നൽകി.
പത്ത് വയസ്സിൽ താഴെയും 65 വയസ്സിൽ കൂടുതൽ ഉള്ളവരെയും ഗർഭിണികളെയും പനി, ചുമ മുതലായ രോഗലക്ഷണങ്ങളുള്ളവരെയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കല്ല. മാസ്ക് ധരിച്ചാണ് ഭക്തരെത്തിയത്. സാനിറ്റൈസർ അടക്കം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭക്തരെ തെർമൽ സ്കാനർ വഴി പരിശോധിക്കുകയും മുഴുവൻ പേരുടെയും പേരുവിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
രാവിലെ 5.30ന് നട തുറന്ന് നിത്യപൂജകൾ കഴിച്ച ശേഷം ഏഴുമുതൽ 10.30 വരെ പ്രവേശനം നൽകി. ഈ സമയത്തിനിടെ 75 പേരാണ് ക്ഷേത്രത്തിലെത്തിയതെന്ന് അധികൃതർ പറഞ്ഞു. വൈകീട്ട് അഞ്ചുമുതൽ ഏഴുവരെയും ഭക്തർക്ക് പ്രവേശനാനുമതിയുണ്ട്. സാമൂഹിക അകലം പാലിച്ച് എല്ലാവിധ മുൻകരുതലുകളോടെയുമാണ് പ്രവേശനം. ആഴ്ചയിൽ മൂന്ന് ദിവസം നടത്തിയിരുന്ന മംഗല്യപൂജ ആരംഭിച്ചിട്ടില്ല.
ക്ഷേത്രത്തിൽ തിങ്കളാഴ്ച ശുചീകരണവും അണുനശീകരണവും നടത്തി. കിഴക്കേനടയും വടക്കേനടയും ഒഴിവാക്കി തെക്കേ നടയിലൂടെയാണ് പ്രവേശനം അനുവദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.