മാറഞ്ചേരി: മാറഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായ ഫലവൃക്ഷോദ്യാനത്തിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഹരിതമിഷൻ, സോഷ്യൽ ഫോറസ്ട്രി, ശുചിത്വമിഷൻ എന്നിവരുമായി ചേർന്ന് പനമ്പാട് വെസ്റ്റ് മഠത്തിൽ എ.എം.എൽ.പി സ്കൂളിൽ നടപ്പാക്കുന്ന ഫലവൃക്ഷോദ്യാനത്തിലെ തൈകളാണ് പരിസ്ഥിതി ദിനത്തിൽ വെട്ടി നശിപ്പിച്ചത്.
വർഷത്തിലധികം പ്രായമായ അമ്പതോളം തൈകളാണ് മൂന്ന് വർഷമായി സ്കൂൾ മുറ്റത്ത് പരിപാലിച്ചിരുന്നത്. ഇതിൽ ഒരാൾ പൊക്കത്തിൽ വളർന്ന പൂക്കാനും കായ്കാനും പ്രായമായ ഇരുപതോളം തൈകളാണ് പിഴുതെടുത്ത് കൊണ്ടുപോയത്. ബാക്കിയുള്ളവ വെട്ടിനശിപ്പിച്ച നിലയിലാണ്. പരിസ്ഥിതി ദിനത്തിൽ തുടക്കമിട്ട ഔഷദോദ്യാനം പദ്ധതിയുടെ ഭാഗമായി നട്ട മുഴുവൻ തൈകളും അക്രമികൾ പിഴുതെറിഞ്ഞ നിലയിലാണ്. വിവിധ തരം പ്ലാവുകൾ, മാവുകൾ, ഞാവൽ, പറങ്കിമാവ്, ചാമ്പ, പേര, അത്തി, നെല്ലി, സീതപഴം, സപ്പോട്ട, പൂച്ചപഴം, ബബ്ലൂസ്, നാരകം, ചതുരപുളി, വടോപുളി എന്നിവയാണ് നശിപ്പിച്ചത്. സ്കൂളിന്റെ മറ്റൊരു ഭാഗത്ത് പച്ചതുരുത്ത് പദ്ധതിയുടെ ഭാഗമായി നിർമിച്ച ഫലവൃക്ഷ വനത്തിന്റെ ജൈവ വേലിയും അക്രമികൾ തകർത്തിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരുടെ മേൽ നോട്ടത്തിൽ വിവിധ പദ്ധതികളുടേയും വിവിധ സർക്കാർ ഏജൻസികളേയും മിഷനേയും സഹകരിപ്പിച്ച് പഞ്ചായത്ത് ഏറെ അഭിമാനപൂർവം നടപ്പാക്കുന്ന മാതൃക പദ്ധതിയായിരുന്നു ഇത്. തരിശായി കിടന്ന സ്കൂളിന്റെ മുഴുവൻ സ്ഥലവും ഉപയോഗപ്പെടുത്തി കഴിഞ്ഞ മൂന്ന് വർഷമായി നടപ്പാക്കിയതാണ് പദ്ധതി. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പെരുമ്പടപ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.