മലപ്പുറം: ആളൊഴിഞ്ഞ കേന്ദ്രങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ സി.സി.ടി.വി സ്ഥാപിക്കാനുള്ള നഗരസഭയുടെ പദ്ധതിക്ക് അനുമതിക്കായി ജില്ല ആസൂത്രണ സമിതിക്ക് സമർപ്പിച്ചു. പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ തുടർനടപടികളുമായി നഗരസഭ മുന്നോട്ട് പോകും.
ഓരോ വാർഡുകളിലും ഓരോ പ്രധാന കേന്ദ്രങ്ങൾ തെരഞ്ഞെടുത്താണ് ആദ്യഘട്ടത്തിൽ സി.സി ടി.വി സ്ഥാപിക്കുക. വാർഡ് തലങ്ങളിൽ ജൈവ-അജൈവ മാലിന്യവും ശുചിമുറി മാലിന്യവും തള്ളുന്നത് വർധിച്ചതോടെയാണ് സി.സി ടി.വികൾ സ്ഥാപിക്കുന്നതിന് സാധ്യത തേടിയത്. പദ്ധതിക്ക് അനുമതി ലഭിച്ചാൽ കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി) യിൽ തുക വകയിരുത്തി പദ്ധതി നടപ്പിലാക്കാനാകുമോ എന്ന് നഗരസഭ പരിശോധിക്കും. പദ്ധതിക്ക് അനുമതി ലഭിച്ചാൽ 40 വാർഡുകളിലും മാലിന്യം തള്ളുന്ന കേന്ദ്രങ്ങൾ കണ്ടെത്തി സി.സി ടി.വികൾ സ്ഥാപിക്കും. ഇതിനുള്ള കൺട്രോൾ റൂം നഗരസഭയിൽ പ്രവർത്തിക്കും.
ഇതുവഴി നഗരസഭ വാർഡുകൾ സി.സി ടി.വി നിരീക്ഷണത്തിൽ കൊണ്ട് വരാനും മാലിന്യം തള്ളുന്നത് തടയാനും കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വാർഡ് തലങ്ങളിൽ മാലിന്യം തള്ളുന്നത് സംബന്ധിച്ച് പരാതി ഉയർന്നതോടെയാണ് പദ്ധതി നടപ്പാക്കാൻ നിശ്ചയിച്ചത്. ഫെബ്രുവരി എട്ടിന് ചേർന്ന കൗൺസിൽ യോഗത്തിൽ അംഗങ്ങൾ വിഷയം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. നഗരസഭാധ്യക്ഷൻ മുജീബ് കാടേരിയാണ് സി.സി ടി.വി സ്ഥാപിക്കാതിനുള്ള നിർദേശം മുന്നോട്ടുവെച്ചത്. അധ്യക്ഷന്റെ നിർദേശം ഭരണ-പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ യോഗത്തിൽ ഐക്യമായി അംഗീകരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.