ചങ്ങരംകുളം: തന്‍റെ വീട്ടുപേരിന് മുന്നിലെ സ്രായില്‍ കണ്ടെത്താനായി നടത്തിയ അന്വേഷണമാണ് ജോയ് മാത്യുവിനെ നന്നംമുക്ക് സ്രായിക്കടവില്‍ എത്തിച്ചത്. മുത്തച്ഛന്‍ വര്‍ഗീസ് ജനിച്ചുവളര്‍ന്ന സ്രായിക്കടവിനെ പറ്റി മുത്തശ്ശി കുഞ്ഞിറ്റിയില്‍ നിന്നാണ് ജോയി മാത്യു അറിഞ്ഞത്. സ്രായില്‍ പുലിക്കോട്ടില്‍ കുടുംബാംഗമായ വര്‍ഗീസ് ചെറുപ്രായത്തില്‍ കച്ചവടത്തിനായി നാടുവിട്ടതാണ്.
ചാലിശേരിയില്‍ നിന്ന് വിവാഹം കഴിച്ച വര്‍ഗീസ് ഭാര്യ കുഞ്ഞിറ്റിക്കൊപ്പം പലനാടുകളിലും കച്ചവടത്തിനെത്തി. ഇതോടെ നാട്ടിലെ ബന്ധം മുറിഞ്ഞു. കോഴിക്കോട് താമസമാക്കിയ ജോയ് മാത്യു വീട്ടുപേരിന് മുന്‍പിലെ സ്രായില്‍ അന്വേഷിച്ചതോടെയാണ് കാട്ടകാമ്പാല്‍ ബന്ധത്തെ പറ്റി അറിയുന്നത്.
മുത്തശ്ശി കുഞ്ഞിറ്റിയില്‍ നിന്ന് കേട്ടറിഞ്ഞ സ്രായിക്കടവിനെ പറ്റി നടന്‍ വി.കെ. ശ്രീരാമനില്‍ നിന്ന് കൂടുതലറിഞ്ഞു. കുന്നംകുളത്തെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജോയ് മാത്യു കാട്ടകാമ്പാല്‍ സ്വദേശി പി.സി. ബിനോയിയുമൊത്ത് സ്രായിക്കടവ് ആദ്യമായി കാണാനെത്തി.
ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്. മണികണ്ഠനില്‍ നിന്ന് നാടിന്‍റെ ചരിത്രം ചോദിച്ചറിഞ്ഞ ജോയ് മാത്യു സ്രായിക്കടവിന്‍റെ ഇസ്രയേല്‍ ബന്ധവും വിശദീകരിച്ചു. ഇസ്രയേലില്‍ നിന്നെത്തിയ യഹൂദ വ്യാപാരി കാട്ടകാമ്പാല്‍ സ്രായിക്കടവില്‍ വഞ്ചിയില്‍ സാധനങ്ങളായി എത്തിയെന്നും അവിടെ കുടുങ്ങിപ്പോയ ആ യഹൂദ വ്യാപാരി പിന്നീട് ആ നാട്ടില്‍ ദീര്‍ഘനാള്‍ താമസിക്കുകയും ചെയ്തുവത്രെ.
പിന്നീട് നാട്ടിലേക്ക് മടങ്ങിയെങ്കിലും ഇസ്രയേലി പൗരന്‍ താമസിച്ച കടവ് ലോപിച്ച് സ്രായിക്കടവ് ആയെന്ന് കേട്ടറിഞ്ഞതായും ജോയ് മാത്യു പറഞ്ഞു. സ്രായിക്കടവ് പാലത്തിലൂടെ നടന്ന് പ്രകൃതിഭംഗി ആസ്വദിച്ച ജോയ് മാത്യു സമീപത്തെ ചായക്കടയില്‍ നിന്ന് ചായ കുടിച്ച് നാട്ടുകാരോട് വിവരങ്ങള്‍ അന്വേഷിച്ചു.
ഇത്രയും മനോഹരമായ സ്രായിക്കടവില്‍ നിന്നും എന്തിന് തന്‍റെ പൂര്‍വികര്‍ നാടുവിട്ടെന്ന ആശ്ചര്യവും അദ്ദേഹം പങ്ക് വെച്ചു. കുട്ടനാടിന്‍റെ പ്രകൃതി ഭംഗിയോട് സാമ്യമുള്ള സ്രായിക്കടവ് ടൂറിസം കേന്ദ്രമാക്കണമെന്ന നിര്‍ദേശവും നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.