ചങ്ങരംകുളം: കാളാച്ചാലിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച രാത്രി 11ഓടെയാണ് കാളാച്ചാൽ അച്ചിപ്രവളപ്പിൽ റഷീദിന്റെ ഭാര്യ ഷഫീലയെ (28) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരിക്കുന്നതിനു മുമ്പ് ഷഫീല കുറ്റിപ്പുറത്തുള്ള സഹോദരനെ വിളിച്ച് ഒരു യുവാവ് ശല്യപ്പെടുത്തുന്നതായി പറഞ്ഞിരുന്നു. പിന്നീട് വിളിച്ചിട്ട് കിട്ടാതെവന്നതോടെ സഹോദരൻ രാത്രി ഷഫീലയുടെ വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ ഷഫീലയെ കണ്ടത്.
മങ്കട സ്വദേശിയായ യുവാവ് ഷഫീലയെ മൊബൈലിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും സംഭവദിവസം ഈ യുവാവ് കാളാച്ചാലിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി സഹോദരനോട് പറഞ്ഞിരുന്നത്.
ഇയാളെ ചോദ്യംചെയ്താൽ യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് പൊലീസ്. രണ്ടു കുട്ടികളുടെ മാതാവായ ഷഫീലയുടെ ഭർത്താവ് റഷീദ് വിദേശത്തായിരുന്നു. ഭർത്താവ് ബുധനാഴ്ച രാത്രിയോടെ നാട്ടിലെത്തി.
മരണത്തിലേക്ക് നയിച്ച കാരണം കണ്ടെത്തണമെന്നു കാണിച്ച് സഹോദരൻ നൽകിയ പരാതിയിലാണ് ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജിതമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.