ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്തിലെ ചിയ്യാനൂർ എൽ.പി സ്കൂളിൽ വിദ്യാർഥികൾക്കിടയിൽ മുണ്ടുനീര് വ്യാപിച്ചതിനെത്തുടർന്ന് സ്കൂൾ അടച്ചുപൂട്ടി. ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിയ്യാനൂർ എ.എൽ.പി സ്കൂളിൽ മുണ്ടിനീര് ലക്ഷണങ്ങളുമായി അഞ്ച് കുട്ടികളെ കണ്ടെത്തിയിരുന്നു. തുടർന്ന് അടുത്ത ദിവസങ്ങളിൽ രോഗവ്യാപനം കൂടുകയുമായിരുന്നു. വ്യാപനം തടയാൻ തിങ്കളാഴ്ച വരെ സ്കൂളിന് അവധി പ്രഖ്യാപിച്ചു. സ്കൂളിലെ 26 വിദ്യാർഥികളിലാണ് രോഗലക്ഷണം കണ്ടത്.
തുടർന്ന് ആരോഗ്യ വകുപ്പധികൃതർ അവധി നൽകാൻ നിർദേശിക്കുകയായിരുന്നു. മേഖലയിൽ പലയിടങ്ങളിലും ചെറിയ രീതിയിൽ രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. പനി, തലവേദന, തൊണ്ടവേദന, ചവക്കാനും വെള്ളമിറക്കാനും പ്രയാസം നേരിടുക, ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിൽ വീക്കം എന്നിവയാണ് രോഗലക്ഷണങ്ങൾ. ലക്ഷണങ്ങളുള്ളവർ ചികിത്സ തേടുകയും മറ്റുള്ളവരിൽനിന്ന് അകലം പാലിക്കുകയും വേണം. ചുമ, തുമ്മൽ, മൂക്കിൽനിന്നുള്ള സ്രവം, രോഗിയുമായി സമ്പർക്കം എന്നിവയിലൂടെ രോഗം പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
അഞ്ച് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കാണാറുള്ളത്. എന്നാൽ മുതിർന്നവർക്കും രോഗം ബാധിക്കാറുണ്ട് എന്ന് ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു. രോഗം കണ്ടെത്തിയ കുട്ടികളുടെ വീടുകളിൽ ആരോഗ്യവകുപ്പ് ജീവനക്കാർ സന്ദർശനം നടത്തി സത്വര നടപടികൾ കൈകൊണ്ടതായും പഞ്ചായത്ത് അധികൃതർ മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.