ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ വിജയം പൊന്നാനി കോടതി അസാധുവാക്കി. നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ ഒ.പി പ്രവീണിന്‍റെ വിജയമാണ് പൊന്നാനി മുൻസിഫ് കോടതി അസാധുവാക്കിയത്. സി.പി.എം നേതാവാണ് പ്രവീൺ.
കോൺഗ്രസ് സ്ഥാനാർഥിയായി നോമിനേഷൻ നൽകിയ പ്രദീപ് ഉണ്ണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എസ്.സി സംവരണമായ ഈ വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രദീപ് ഉണ്ണി നോമിനേഷൻ നൽകിയിരുന്നു. ക്രമനമ്പർ തെറ്റിയെന്ന് പറഞ്ഞ് നോമിനേഷൻ തള്ളുകയായിരുന്നു. ഇതിനെതിരെയാണ് പ്രദീപ് കോടതിയെ സമീപിച്ചത്.
വിശദമായി വാദംകേട്ട കോടതി നിലവിലെ വിജയം അസാധുവാക്കുകയും മറ്റൊരു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് തീയതി ഇലക്ഷൻ കമീഷൻ പിന്നീട് അറിയിക്കുകയാണ് ചെയ്യുക. യു.ഡി.എഫും എൽ.ഡി.എഫും മാറിമാറി ജയിക്കുന്ന വാർഡാണിത്.
നന്നംമുക്ക് പഞ്ചായത്തിൽ ടോസിട്ടാണ് ഇടതിന് അധികാരം ലഭിച്ചത്. എട്ട് വാർഡുകൾ യു.ഡി.എഫിനും എട്ടു വാർഡുകൾ എൽ.ഡി.എഫിനുമാണ്. ഒരു വാർഡിൽ ബി.ജെ.പിയും ജയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ എൽ.ഡി.എഫ് കക്ഷിനില ഏഴായി കുറഞ്ഞു.
പരാതിക്കാരനു വേണ്ടി വക്കീലന്മാരായ നിഖിൽ പാടാലിൽ, നിയാസ് മുഹമ്മദ് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.